മുംബൈ : മഹാരാഷ്‌ട്രയിൽ മുംബൈ പൊലീസിന് ഭീഷണി കോൾ ചെയ്‌തയാൾ അറസ്‌റ്റിൽ. ജൂൺ 24 ന് നഗരത്തിലെ അന്ധേരി, കുർള മേഖലകളിലും പൂനെയിലും ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. സംഭവത്തിൽ ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശി ദർവേഷ് രാജ്‌ഭറിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
വ്യാഴാഴ്‌ചയാണ് ബോംബ് സ്‌ഫോടനം നടക്കുമെന്ന് പൊലീസിന് ഭീഷണി കോൾ വന്നത്. ബോംബ് ഭീഷണി കൂടാതെ ഇയാൾ പൊലീസിനോട് പണവും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്‌ച വൈകീട്ട് 6.30 ന് അന്ധേരിയിലെ കുർള വെസ്റ്റിലും പൂനെയിലും ബോംബ് സ്‌ഫോടനം നടക്കുമെന്ന് ദർവേഷ് പൊലീസിനോട് മുന്നറിയിപ്പെന്ന പോലെ പറഞ്ഞു.
സ്‌ഫോടനം തടയാൻ രണ്ട് ലക്ഷം രൂപ വേണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. തുക നൽകിയാൽ സ്‌ഫോടനം തടയുക മാത്രമല്ല, തന്‍റെ ആളുകളുമായി മലേഷ്യയിലേക്ക് പോകുമെന്നും ദർവേഷ് കോളിൽ പൊലീസിനോട് പറഞ്ഞിരുന്നു. കോൾ വ്യാജമാകാമെന്ന് സംശയിച്ച പൊലീസ് സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഫോൺ കോളിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിനൊടുവിൽ ഉത്തർപ്രദേശിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അതേസമയം സ്‌ഫോടനം നടത്താൻ തനിക്ക് രണ്ട് കോടി രൂപ മറ്റൊരാൾ വാഗ്‌ദാനം ചെയ്‌തതായും ദർവേഷ് പൊലീസിന്‍റെ പിടിയിലായ ശേഷം വെളിപ്പെടുത്തി. എന്നാൽ സംഭവത്തിന് പിന്നിലെ സൂത്രധാരന്‍റെ പേര് ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 505 (1) (ബി), 505 (2), 185 എന്നിവ പ്രകാരം അംബോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
also read : ശരദ് പവാറിന് നേരെ ഭീഷണി സന്ദേശങ്ങള്‍; പൊലീസ് കമ്മിഷണറെ കണ്ട് പരാതി നല്‍കി മകള്‍ സുപ്രിയ സുലെ
പ്രമുഖരുടെ വസതികൾക്ക് നേരെ അജ്‌ഞാതന്‍റെ ഭീഷണി : കഴിഞ്ഞ മാസം ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍റെയും ധര്‍മേന്ദ്രയുടെയും വസതികളില്‍ ആക്രമണം നടത്തുമെന്ന് അജ്ഞാതന്‍റെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇരു താരങ്ങളുടെയും മുംബൈയിലുള്ള ബംഗ്ലാവുകള്‍ കത്തിക്കുമെന്നാണ് നാഗ്‌പൂര്‍ പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്കെത്തിയ അജ്ഞാതന്‍റെ ഭീഷണി സന്ദേശം. ഇവരെ കൂടാതെ മുകേഷ് അംബാനിയുടെ മുംബൈയിലുള്ള ആഡംബര വസതിയായ അന്‍റിലിയയിലും സ്‌ഫോടനമുണ്ടാകുമെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കിയിരുന്നു.
തുടർന്ന് നാഗ്‌പൂർ പൊലീസ് മുംബൈ പൊലീസിനെ വിവരം അറിയിക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. ഇതുപ്രകാരം അജ്‌ഞാതന്‍റെ ഭീഷണി കോൾ വന്നത് പാൽഘറിലെ ശിവജി നഗറിൽ നിന്നാണെന്ന് വ്യക്തമായിരുന്നു. രണ്ടാഴ്‌ച മുൻപ് എൻസിപി നേതാവ് ശരദ് പവാറിന് നേരെ ഭീഷണി സന്ദേശമെത്തിയെന്ന് മകളും എം പിയുമായ സുപ്രിയ സുലെ പൊലീസിൽ പരാതിപ്പെട്ടിരുന്നു.