മുംബൈ : കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകൾ എടുത്തവർക്കായി ഓഗസ്റ്റ് 15 മുതൽ മുബൈയിൽ ലോക്കൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില നിലനിർത്തിക്കൊണ്ടുപോകാൻ നിയന്ത്രണങ്ങളോടെയാണ് ലോക്കൽ സർവീസുകൾ ആരംഭിക്കുക. സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് മൊബൈൽ ആപ്പിലൂടെ ട്രെയിൻ പാസ് ഡൗൺലോഡ് ചെയ്യാം.
സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് നഗരത്തിലെ മുനിസിപ്പൽ വാർഡ് ഓഫിസിൽ നിന്നും സബ്അർബൻ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഫോട്ടോ പാസുകൾ എടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്യുആർ കോഡുകൾ ഉള്ള ഈ പാസുകൾ ഉപയോഗിച്ച് റെയിൽവേ അധികൃതർക്ക് പാസുകളുടെ ആധികാരികത പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഇനി മുതൽ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെയും
കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ആരംഭത്തോടെ ഈ വർഷം ഏപ്രിൽ മാസത്തിലാണ് മുംബൈയിൽ ലോക്കൽ ട്രെയിനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നത്. 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 5508 പുതിയ കൊവിഡ് കേസുകളും 151 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.