മുംബൈ : വിവാഹമോചനം നേടിയ ജോലിയുള്ള സ്‌ത്രീകള്‍ക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് മുംബൈ ഹൈക്കോടതി. കോലാപൂരില്‍ നിന്നുള്ള വിവാഹമോചന കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുവതിക്കും കുട്ടിക്കും 5000 രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട കോലാപൂര്‍ സെഷൻസ് കോടതി വിധിക്കെതിരെ ഭര്‍ത്താവാണ് ഹൈക്കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജിക്കാരനായ ആളുടെ ഭാര്യ ഒരു വെള്ളിപ്പാത്ര കടയിലാണ് ജോലി ചെയ്യുന്നത്. തനിക്ക് പ്രതിദിനം 150 രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ടെന്ന് അറിയിച്ച യുവതി കോടതിയുടെ ഉത്തരവ് തെറ്റാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ ജീവിത ശൈലിയില്‍ സ്‌ത്രീകള്‍ ജോലി ചെയ്യേണ്ടിവരുന്നത് സാഹചര്യത്തിന്‍റെ അനിവാര്യതയാണെന്ന് കോടതി നിരീക്ഷിച്ചു.
ജീവിത വരുമാനം സമ്പാദിക്കാന്‍ കഴിയുമെങ്കില്‍ പോലും ഭര്‍ത്താവ് ഭാര്യയെ പരിപാലിക്കേണ്ടത് നിയമപരമായ വ്യവസ്ഥയാണ്. ഇത്തരത്തില്‍ വരുമാനമാര്‍ഗം കണ്ടെത്താനുള്ള അവരുടെ അവകാശങ്ങളെ നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കോലാപൂര്‍ സെഷന്‍സ് കോടതിവിധി മുംബൈ ഹൈക്കോടതി ശരിവച്ചു.
യുവതിക്ക് ജോലി ഉള്ളതിനാല്‍ പ്രത്യേകം ജീവനാംശം നല്‍കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. 2005 ലാണ് ഹര്‍ജിക്കാര്‍ തമ്മില്‍ വിവാഹം കഴിച്ചത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഭാര്യയാണ് ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി സമര്‍പ്പിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം 2000 രൂപ വീതം നഷ്‌ടപരിഹാരം നല്‍കാന്‍ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് 2021 ലാണ് പരാതിക്കാരിക്ക് ജീവനാംശം 5000 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്‌താണ് യുവതിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.