മുംബൈ : രാജ് കുന്ദ്രയ്‌ക്കെതിരായ നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് ആംസ്‌പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടർക്ക് മുംബൈ ക്രൈംബ്രാഞ്ചിന്‍റെ സമൻസ്.
ബുധനാഴ്‌ച രാവിലെയാണ് ആംസ്‌പ്രൈം മീഡിയ ഡയറക്‌ടർ സൗരഭ് കുശ്വാഹയെ ക്രൈം ബ്രാഞ്ചിന്‍റെ പ്രോപ്പർട്ടി സെൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. സമാന കേസിൽ ജൂലൈ 25ന് ടെലിവിഷൻ അഭിനേത്രിയും മോഡലുമായ ഗഹന വസിഷ്‌ടിനെയും മറ്റ് രണ്ട് പേരെയും ചോദ്യം ചെയ്‌തിരുന്നു.
പോൺ വീഡിയോ റാക്കറ്റുമായി ബന്ധപ്പെട്ട് ജൂലൈ 27നാണ് രാജ് കുന്ദ്രയെയും കൂട്ടാളിയായ റയാൻ തോർപെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കുന്ദ്രയുടെ ഓഫിസിലെ തന്നെ നാല് ജീവനക്കാർ കേസിൽ അദ്ദേഹത്തിനെതിരെ സാക്ഷി മൊഴി നല്‍കിയതും കേസിന്‍റെ ആക്കം വർധിപ്പിച്ചു. കൂടാതെ നടി ഷെർലിൻ ചോപ്ര അടക്കം നിരവധി താരങ്ങൾ കുന്ദ്രയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.
READ MORE: നീലച്ചിത്ര നിർമാണം; രാജ് കുന്ദ്രയെയും കൂട്ടാളിയെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
അതേസമയം രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ നിലപാട് വ്യക്തമാക്കി കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് താരവുമായ ശിൽപ ഷെട്ടി രംഗത്തു വന്നിരുന്നു. ആദ്യമായാണ് താരം ഈ വിഷയത്തിൽ പ്രതികരണം അറിയിക്കുന്നത്.
വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നവയിൽ പലതും സത്യമല്ലെന്നും ശിൽപ പറഞ്ഞു. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും നിയമം അതിന്‍റെ വഴിക്ക് പോകട്ടെയെന്നുമായിരുന്നു ശിൽപയുടെ പ്രതികരണം.