മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയെ ഹോളിവുഡ് താരം റിച്ചാർഡ് ഗാരെ പരസ്യമായി ചുംബിച്ചതുമായി ബന്ധപ്പെട്ട കേസ് തള്ളിയ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ശരിവച്ച് മുംബൈ സെഷൻസ് കോടതി. ഒരു സ്‌ത്രീയെ തെരുവിലോ പൊതുഗതാഗത സംവിധാനങ്ങൾ വച്ചോ തൊടുന്നത് അവരുടെ ഭാഗത്ത് നിന്ന് സമ്മതം ഉണ്ടായിട്ടാണെന്ന് കരുതാനാവില്ലെന്നും, ഇത്തരം സംഭവങ്ങളിൽ പ്രതികരിക്കാത്തതിൽ അവർക്കെതിരെ കുറ്റം ആരോപിക്കാൻ സാധിക്കില്ലെന്നും പരാമർശിച്ചുകൊണ്ടാണ് കോടതി വിധി പറഞ്ഞത്.
'കേസിലെ ഇപ്പോഴത്തെ പ്രതി ശിൽപ ഷെട്ടി ആരെയും ചുംബിച്ചിട്ടില്ല. പക്ഷേ ചുംബിക്കപ്പെട്ടു', മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് അഡീഷണൽ സെഷൻസ് ജഡ്‌ജി എസ് സി ജാദവ് പറഞ്ഞു. കേസിന്‍റെ വിധി കഴിഞ്ഞ ആഴ്‌ച പറഞ്ഞതാണെങ്കിലും വിശദമായ ഉത്തരവ് ചൊവ്വാഴ്‌ചയാണ് ലഭിച്ചത്. 2007ൽ രാജസ്ഥാനിൽ എയ്‌ഡ്‌സ് ബോധവത്‌കരണ പരിപാടിക്കിടെയാണ് ബോളിവുഡ് താരം റിച്ചാർഡ് ഗാരെ താരത്തെ പരസ്യമായി കവിളിൽ ചുംബിച്ചത്.
കേസിന്‍റെ നാൾ വഴികൾ
- 2007 രാജസ്ഥാനിൽ വച്ച് നടന്ന എയ്‌ഡ്‌സ് ബോധവത്‌കരണ പരിപാടിക്കിടെ ബോളിവുഡ് താരം റിച്ചാർഡ് ഗാരെ ശിൽപ ഷെട്ടിയെ പരസ്യമായി ചുംബിക്കുന്നു.
- സംഭവം വലിയ ചർച്ചയാകുകയും വലിയ രീതിയിൽ പ്രതിഷേധം ഉയരുകയും ചെയ്‌തു.
- തുടർന്ന് ലഭിച്ച പരാതികളെത്തുടർന്ന് രാജസ്ഥാൻ പൊലീസ് ഗാരെക്കും ശിൽപ്പ ഷെട്ടിക്കുമെതിരെ കേസെടുത്തു
- ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി), ഐടി ആക്‌ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
- 2017ലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേസ് രാജസ്ഥാൻ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് മുംബൈയിലേക്ക് മാറ്റി.
- 2022 ജനുവരിയിൽ മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി ശിൽപ്പ ഷെട്ടിയെ കേസിൽ നിന്ന് ഒഴിവാക്കി.
- മജിസ്‌ട്രേറ്റിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്‌ത് പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി.
- മജിസ്‌ട്രേറ്റിന്‍റെ നടപടി സെഷൻസ് കോടതി ശരിവച്ചു.
പൊതുസ്ഥലത്ത് ചുംബിക്കുന്നത് കുറ്റകരമാണെന്നും ചടങ്ങിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സന്നിഹിതരായിരുന്നുവെന്ന് ശിൽപ ഷെട്ടിക്ക് അറിയാമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. പൊതുസ്ഥലത്തെ ചുംബനം ഉഭയകക്ഷി പ്രവൃത്തി ആണ്. തങ്ങളുടെ പ്രവൃത്തി തീർച്ചയായും വാർത്ത ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുമെന്ന് താരങ്ങൾക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ ഇത് ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ച പ്രവർത്തിയല്ലെന്നും പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ വാദിച്ചു.
എന്നാൽ കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിയും നിയമപരവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍റെ ഹർജിയെ ശിൽപ ഷെട്ടി എതിർക്കുകയായിരുന്നു. തുടർന്ന് ഇരു ഭാഗത്തിന്‍റെയും വാദം കേട്ട ശേഷം ഏപ്രിൽ മൂന്നിനാണ് സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്. ഈ കേസിൽ ശിൽപ്പ ഷെട്ടി ചുംബിച്ചില്ല, മറിച്ച് റിച്ചാർഡ് നടിയെ ചുബിക്കുകയായിരുന്നുവെന്നതാണ് വസ്‌തുതയെന്ന് കോടതി ചൂണ്ടിക്കാട്ടി.
ALSO READ: വീൽചെയറിൽ ഇരുന്നുകൊണ്ട് വ്യായാമം: ആരാധകർക്ക് പ്രചോദനം പകർന്ന് ശിൽപ്പ ഷെട്ടി
ശിൽപ ഷെട്ടിയുടെ ഭാഗത്ത് യാതൊരു അശ്ലീലതയുമില്ലെന്നും പരാതിക്കാരിയെ ശല്യപ്പെടുത്തിയതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ജഡ്‌ജി വ്യക്‌തമാക്കി. രേഖകളും പൊലീസ് റിപ്പോർട്ടും പരിശോധിച്ചാൽ പ്രതികൾക്കെതിരെ കുറ്റം ചുമത്താനുള്ള വസ്‌തുതകളൊന്നുമില്ലെന്നും അതിനാൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവിന് മേൽ ഈ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും സെഷൻസ് ജഡ്‌ജി വ്യക്‌തമാക്കുകയായിരുന്നു.