ETV Bharat / bharat

എതിർപ്പുറപ്പാണ്, കേരളം എന്തിന് എതിർക്കണം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി ബില്‍ നിയമമാകുമ്പോള്‍ - കോ ഓപ്പറേറ്റീവ് സൊസൈറ്റി ബില്‍

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ പ്രേല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര നയം രാഷ്ട്രീയ ലാക്കോടെയാണെന്ന് ആരോപിച്ചാണ് കേരളം നിയമത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ കടുത്ത കേന്ദ്ര വിരുദ്ധ നിലപാടെടുക്കുന്ന തമിഴ് നാടും കര്‍ണാടകയുമൊക്കെ പുതിയ മാറ്റങ്ങളുള്‍ക്കൊണ്ട് കൂടുതല്‍ ഫണ്ട് എത്തിക്കാന്‍ ഫലപ്രദമായ നടപടികളെടുത്തു കഴിഞ്ഞു.

MSCS act amended Kerala heading for big political war
മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി ബില്‍ നിയമമാകുമ്പോള്‍
author img

By

Published : Aug 5, 2023, 4:23 PM IST

Updated : Aug 5, 2023, 4:35 PM IST

ഹൈദരാബാദ്: സഹകരണ മേഖല ഏറ്റവും ശക്തവും സുദൃഢവുമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷേ അടുത്തിടെ പാര്‍ലമെന്‍റ് പാസ്സാക്കിയ മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി നിയമമാകുന്നതോടെ കേരളത്തിന്‍റെ മണ്ണില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾക്ക് എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. അത് കേരളത്തില്‍ വലിയ രീതിയില്‍ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുങ്ങുകയും ചെയ്യുമെന്നുറപ്പാണ്.

പുതിയൊരു സഹകരണ വകഭേദം ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ് കേരള സര്‍ക്കാര്‍. പക്ഷേ ബില്‍ നിയമമാകുന്നതോടെ കേരളത്തിനും വഴങ്ങേണ്ടി വരുമെന്നാണ് സഹകരണ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ പ്രേല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര നയം രാഷ്ട്രീയ ലാക്കോടെയാണെന്ന് ആരോപിച്ചാണ് കേരളം നിയമത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ കടുത്ത കേന്ദ്ര വിരുദ്ധ നിലപാടെടുക്കുന്ന തമിഴ് നാടും കര്‍ണാടകയുമൊക്കെ പുതിയ മാറ്റങ്ങളുള്‍ക്കൊണ്ട് കൂടുതല്‍ ഫണ്ട് എത്തിക്കാന്‍ ഫലപ്രദമായ നടപടികളെടുത്തു കഴിഞ്ഞു.

രാഷ്ട്രീയമായ എതിര്‍പ്പ് വെച്ച് എത്ര നാള്‍ കേരളത്തിന് മാറി നില്‍ക്കാന്‍ കഴിയും എന്നാണ് പ്രധാന ചോദ്യം. ഇതു കാരണം കേരളത്തിനുണ്ടാകാവുന്ന സാമ്പത്തിക നഷ്ടം എന്താണ് എന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ചര്‍ച്ചകള്‍ നടക്കുകയും വേണം.

ചുവന്നു തുടുത്ത സഹകരണം: കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും അതിനൊപ്പം സിപിഎമ്മിന്‍റേയും വളര്‍ച്ചയ്ക്ക് സമാന്തരമായാണ് സഹകരണ പ്രസ്ഥാനവും വളര്‍ന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈയെടുത്ത് രൂപീകരിച്ച സഹകരണ പ്രസ്ഥാനങ്ങളും അനവധിയുണ്ട്. സംസ്ഥാന സഹകരണ വകുപ്പ് രജിസ്ട്രാറുടെ കീഴില്‍ പുതിയ പുതിയ മേഖലകള്‍ കണ്ടെത്തി സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിലും അതത് മേഖലകളില്‍ ആധിപത്യം ഉറപ്പാക്കുന്നതിലും പാര്‍ട്ടി നേതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. സിപിഎമ്മിലായിരിക്കെ മുതിര്‍ന്ന നേതാവ് എംവി രാഘവനായിരുന്നു ഇത്തരത്തില്‍ സഹകരണ സംഘങ്ങളിലേറെയും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്.

കണ്ണൂരിലെ എകെജി ആശുപത്രി സഹകരണ സംഘവും പരിയാരം സഹകരണ മെഡിക്കല്‍ കോളേജുമെല്ലാം എംവിആര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ്. ഇതിനെ പിന്തുടര്‍ന്ന് ഇടതു സഹകാരികള്‍ നാടെങ്ങും ചെറുതും വലുതുമായ നിരവധി സഹകരണ സംഘങ്ങള്‍ക്കാണ് രൂപം നല്‍കി. പിന്നീട് എം.വി.ആര്‍ സിപിഎമ്മില്‍ നിന്ന് പുറത്തായി സിഎംപി രൂപീകരിച്ച് യുഡിഎഫിലെത്തിയപ്പോള്‍ സഹകരണ രംഗത്ത് യുഡിഎഫും ഏറെ മുന്നേറ്റമുണ്ടാക്കി.

കോണ്‍ഗ്രസും കേരളത്തില്‍ ഒരളവു വരെ സഹകരണ രംഗത്ത് സജീവമായി ഇടപെട്ടിരുന്നു. സ്വന്തം ഭരണ സമിതികളുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് അണികള്‍ക്ക് നിര്‍ലോഭം സഹകരണ വായ്പകളും മറ്റും തരപ്പെടുത്തുന്നതിലും ഇടതു- വലതു പാര്‍ട്ടികള്‍ ഒരു പോലെ മല്‍സരിച്ചിരുന്നു. ഇരു പാര്‍ട്ടികളും ബലാബലം നില്‍ക്കുന്നയിടങ്ങളിലൊക്കെ അതു കൊണ്ടു തന്നെ സഹകരണ സ്ഥാപനങ്ങളുടെ ഭരണം പിടിക്കാനുള്ള വെട്ടും തടയും അതിശക്തമായിരുന്നു. കോടതി നിരീക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ പോലും വ്യാപക അക്രമങ്ങള്‍ക്കു വഴിമാറി. അടിച്ചും തിരിച്ചടിച്ചും സഹകരണ സംഘങ്ങളുടെ ഭരണം മാറി മാറി പിടിച്ചെടുത്തതും നിയമസഭയില്‍ വരെ കയ്യാങ്കളി നീണ്ടതുമെല്ലാം ചരിത്രം.

ഈ സീനിലേക്കാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ കൂടി രംഗപ്രവേശം ചെയ്യുന്നത്. രാജ്യത്തിനാകെ ബാധകമായ നിയമമെങ്കിലും കേരളത്തെയാണ് ഈ ഭേദഗതി മുഖ്യമായും ബാധിക്കുക. പ്രധാനമായും കേരളത്തിന്‍റെ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഉയരുന്നത്.

1. നിലവിലുള്ള സഹകരണ സംഘങ്ങള്‍ക്ക് എന്തു സംഭവിക്കും: മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലെ സെക്ഷന്‍ 17 സബ് സെക്ഷന്‍ 10 പ്രകാരം നിലവിലുള്ള സംസ്ഥാന സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ ലയിക്കാമെന്ന് വ്യവസ്ഥയുണ്ട്. അത്തരത്തില്‍ തീരുമാനമെടുക്കുന്നതിന് ഇരു സംഘങ്ങളുടേയും പ്രവര്‍ത്തന മേഖല ഒന്നായിരിക്കണമെന്ന നിബന്ധന ഇല്ല. മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ പാസാക്കുന്ന ഒരു പ്രമേയത്തിലൂടെ ലയനതീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നിയമം പറയുന്നത്.

എന്നാല്‍ ഇത് സംസ്ഥാന സഹകരണ നിയമത്തിന് വിധേയമായിട്ടായിരിക്കുമെന്നും ഭേദഗതി ചെയ്ത മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമത്തില്‍ പറയുന്നു. ഈ വ്യവസ്ഥയാണ് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആശങ്കയോടെ കാണുന്നത്. എന്നാല്‍ ഇതില്‍ ഫെഡറിലിസവുമായി ബന്ധപ്പെട്ട ചോദ്യമുദിക്കുന്നില്ലെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയം വ്യക്തമാക്കുന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ കേന്ദ്രം പ്രോല്‍സാഹിപ്പിക്കുമെന്നതു കൊണ്ടു തന്നെ സഹകരണമേഖലയിലേക്കുള്ള ഫണ്ട് വിനിയോഗം ഈ സംഘങ്ങള്‍ വഴിയാവുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. പുതിയ മാറ്റങ്ങളുള്‍ക്കൊണ്ട് തമിഴ്നാടും കര്‍ണാടകയുമെല്ലാം ആയിരക്കണക്കിന് കോടി രൂപയാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ വഴി സംസ്ഥാനത്തേക്കെത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം കര്‍ണാടക ഭവന മേഖലയില്‍ നേടിയെടുത്തത് 1200 കോടിയില്‍പ്പരം രൂപയാണ്. കാര്‍ഷിക ഭവന മേഖലകളിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ വഴി പരമാവധി ഫണ്ട് സംസ്ഥാനത്തേക്കെത്തിക്കാന്‍ പദ്ധതികളുണ്ടാക്കുന്നതിന് പകരം കേന്ദ്രത്തെ പഴി പറഞ്ഞ് ഇരിക്കുന്നതില്‍ എന്താണ് കാര്യമെന്നാണ് ചോദ്യം. കോടികളുടെ നിക്ഷേപം കേന്ദ്രീകരിച്ചിരിക്കുന്നത് സംസ്ഥാന സഹകരണ സംഘങ്ങളിലാണെന്ന ഒറ്റക്കാരണം വെച്ച് പുതിയ പരിഷ്കരണങ്ങള്‍ക്കും പുനക്രമീകരണങ്ങള്‍ക്കും എതിരു നില്‍ക്കുന്നത് യുക്തിസഹമല്ല എന്നതാണ് കേന്ദ്ര നിലപാട്.

2. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ രാഷ്ട്രീയം കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ എന്ത് സ്വാധീനമുണ്ടാക്കും: ബി.ജെ.പി ഭരിക്കുന്ന 11 സംസ്ഥാനങ്ങള്‍ക്കും എന്‍ഡിഎ സഖ്യ കക്ഷികള്‍ ഭരിക്കുന്ന 5 സംസ്ഥാനങ്ങള്‍ക്കും പുറമേ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന 10 സംസ്ഥാനങ്ങളും പുതിയ നിയമത്തോട് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. ആകെയുള്ള 29 സംസ്ഥാനങ്ങളില്‍ കേരളമടക്കം 3 സംസ്ഥാനങ്ങള്‍ മാത്രമാണ് വിയോജിച്ച് നില്‍ക്കുന്നത്. നിലവില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവൃത്തിക്കുന്നതും മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലടക്കം പ്രവൃത്തിക്കുന്നതുമായ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയ ചായ്‌വുമില്ലെന്നതാണ് വസ്തുത.

പൂര്‍ണ്ണമായും ബിസിനസ് മാത്രം ലക്ഷ്യമിട്ട പ്രവൃത്തിക്കുന്ന ഈ സംഘങ്ങള്‍ കൂടുതല്‍ ഫണ്ട് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന് വഴങ്ങിയേക്കുമോ എന്ന ഭയം കേരളത്തിനുണ്ട്. ഭയപ്പാടോടെ മാറി നില്‍ക്കുന്നതിനു പകരം എന്തു കൊണ്ട് സംസ്ഥാനം തന്നെ മുന്‍കൈയെടുത്ത് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ആരംഭിച്ചുകൂടാ എന്ന ചോദ്യമാണ് കേന്ദ്രം ഉയര്‍ത്തുന്നത്. നിലവിലുള്ള ഏതെങ്കിലും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കണ്ടെത്തി അവ കേന്ദ്രീകരിച്ച് ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള സാധ്യതകളും കേരള സര്‍ക്കാരിനു മുന്നിലുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളില്‍ നിന്ന് വ്യത്യസ്തമായി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികള്‍ക്ക് കേരളത്തില്‍ പ്രത്യേക രാഷ്ട്രീയ നിറം ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത.ഈ മേഖലയില്‍ ഇടതു പക്ഷമോ കോണ്‍ഗ്രസ്സോ ഇതേവരെ കാര്യമായി ശ്രദ്ധ പുലര്‍ത്തിയിരുന്നില്ല. മാത്രവുമല്ല ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന മേഖല വരുന്നതു കൊണ്ടു തന്നെ കേരളത്തിലെ മേധാവിത്വം കൊണ്ട് മാത്രം ഇത്തരം സഹകരണ സൊസൈറ്റികളില്‍ രാഷ്ട്രീയ മേല്‍ക്കൈ നേടാനാവില്ല എന്നതും വസ്തുതയാണ്.

കേരളത്തില്‍ നിലവിലുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ ദുര്‍ബലപ്പെടുകയും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികള്‍ കരുത്താര്‍ജിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വപ്നം കണ്ടിട്ടു പോലുമില്ലായിരുന്നു. വളരെ പെട്ടെന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികളില്‍ കടന്നു കയറി ആധിപത്യം സ്ഥാപിക്കുകയെന്നതും അസാധ്യം. രാഷ്ട്രീയ ഭരണ സമ്പദ് മേഖലകളുമായി കെട്ടു പിണഞ്ഞു കിടക്കുന്ന കേരളത്തിന്‍റെ സഹകരണ രംഗം പൊളിച്ചു പണിയുകയെന്ന രാഷ്ട്രീയ അജണ്ട തന്നെയാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയ്ക്കു പിന്നിലെന്ന് സ്വാഭാവികമായും കേരളത്തിലെ ഭരണ പ്രതിപക്ഷം ഒരുപോലെ സംശയിക്കുന്നു.

1986 ലെ പ്രത്യേക നിയമ പ്രകാരമാണ് രാജ്യത്തെങ്ങും മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ സ്ഥാപിക്കപ്പെട്ടത്. വായ്പ നല്‍കുകയെന്ന പ്രാഥമിക ധര്‍മ്മവുമായി പ്രവര്‍ത്തിക്കുന്ന 1525 സൊസൈറ്റികളാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഈ വര്‍ഷമാദ്യം വരെ 29 മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വര്‍ഷമാകട്ടെ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് പ്രകടമാകുന്നത്. 49 സൊസൈറ്റികളാണ് ഈ വര്‍ഷം രജിസ്ട്രേഷന്‍ തേടിയത്. ഇനിയും പത്തിലേറെ സൊസൈറ്റികള്‍ കേരളത്തില്‍ രജിസ്ട്രേഷൻ കാത്തിരിപ്പുണ്ട്.

നേരത്തേ കേന്ദ്ര കൃഷി വകുപ്പിന് കീഴിലായിരുന്ന മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ കേന്ദ്ര സഹകരണ വകുപ്പിന് കീഴില്‍ എത്തിയതോടെയാണ് ജനപ്രീതി ഏറിയത്. ഓംബുഡ്സ് മാന്‍, വിവരാവകാശ ഓഫീസര്‍ തുടങ്ങിയ സ്ഥിരം സംവിധാനങ്ങള്‍ സൊസൈറ്റികളുടെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്‌തു.

എതിർപ്പുറപ്പാണ്: പടി പടിയായി സംസ്ഥാനത്ത് വളര്‍ത്തിയെടുത്ത സഹകരണ മേഖലയെ അത്രയെളുപ്പത്തില്‍ കേന്ദ്ര സര്‍ക്കാരിനും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികള്‍ക്കും അടിയറ വെക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ് -യുഡിഎഫ് മുന്നണികള്‍ തയ്യാറാവും എന്നും കരുതാനാവില്ല. പ്രത്യേകിച്ചും സിപിഎം. കേരളത്തിലെ സിപിഎമ്മിന്‍റെ അതിശക്തമായ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളില്‍ കൂടിയാണ്.

എന്നും പാര്‍ട്ടിക്കൊപ്പം ഉറച്ചു നില്‍ക്കുന്ന കേഡറുകള്‍ക്കും ബന്ധുക്കള്‍ക്കും സുരക്ഷിതമായ തൊഴില്‍ ഒരുക്കാനും അതു വഴി പാര്‍ട്ടിയിലേക്ക് ആളെ കൂട്ടാനും ഉള്ളവരെ എന്നും ഒപ്പം നിര്‍ത്താനുമൊക്കെ സഹകരണ സ്ഥാപനങ്ങളായിരുന്നു കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എന്നും താങ്ങായി നിന്നത്. അത് നഷ്ടപ്പെടുത്തുകയെന്നാല്‍ കേരളത്തിലെ സിപിഎമ്മിന്‍റെ നിലനില്‍പ്പ് തന്നെയാണ് ഭീഷണിയിലാകുന്നത്. ഇത് ഗൗരവമായിക്കണ്ട് ചെറുത്തു നില്‍പ്പിന് കേരളത്തിലെ സിപിഎമ്മും മുതിര്‍ന്നാല്‍ ഇനിയുള്ള നാളുകളില്‍ സഹകരണ മേഖലയെ മുന്‍ നിര്‍ത്തി സംസ്ഥാനം വലിയ രാഷ്ട്രീയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

മിണ്ടാനായില്ല: പാര്‍ലമെന്‍റില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കാര്യമായി പ്രതികരിക്കാനോ ചര്‍ച്ചയില്‍ ഇടപെടാനോ ഒന്നും ഇടത് എംപിമാര്‍ക്കും കോണ്‍ഗ്രസിനും കഴിഞ്ഞിരുന്നില്ല. മണിപ്പൂര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു ജൂലൈ 25 ന് സഹകരണ വകുപ്പിന്‍റെ കൂടി ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി ലോക് സഭയില്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി ബില്‍ അവതരിപ്പിച്ചത്. കേവലം മൂന്ന് അംഗങ്ങള്‍ മാത്രമാണ് ബില്ലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുത്തത്. ബഹളത്തിനിടയില്‍ വലിയ ചര്‍ച്ചയൊന്നും കൂടാതെ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.

ഓഗസ്ത് ഒന്നിന് രാജ്യ സഭയിലും ബില്‍ പരിഗണനയ്ക്ക് വന്നു. പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയ ശേഷം രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിന്‍റെ ചര്‍ച്ചയില്‍ ബിജെപിക്ക് പുറമേ ബിജെഡി, അണ്ണാഡിഎംകെ, തമിഴ് മാനില കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും ഭേദഗതിയെ പിന്താങ്ങി. കേരളത്തില്‍ നിന്ന് ആരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. രാജ്യസഭ കൂടി പാസാക്കിയതോടെ രാഷ്ട്ര പതിയുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ബില്‍ നിയമമാവും. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റിന്‍മേലുള്ള ഭേദഗതി ബില്ലാണ് ലോക്സഭ പാസാക്കിയത്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ സംയോജനവും ലയനവും എളുപ്പമാക്കാനുള്ള ഒട്ടേറെ വ്യവസ്ഥകളാണ് പുതിയ ബില്ലിനെ ശ്രദ്ധേയമാക്കുന്ന ഘടകം. ഈ വ്യവസ്ഥകള്‍ തന്നെയാണ് കേരളത്തിലെ സിപിഎം നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നതും.

എന്താണ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍: ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന മേഖലയുള്ള കേന്ദ്ര സഹകരണ രജിസ്ട്രാര്‍ക്കd കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സഹകരണ സൊസൈറ്റികളാണ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍. ഇവ രജിസ്റ്റര്‍ ചെയ്യുന്നത് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്കല്ലാത്തതു കൊണ്ടു തന്നെ ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ നിയന്ത്രിക്കാനോ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിമിതിയുണ്ട്. ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസേര്‍സ് കോ ഓപ്പറേറ്റീവ് എന്ന ഇഫ്കോയും അമുലും പോലെ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് രംഗത്ത് വിജയക്കൊടി പാറിച്ച പ്രസ്ഥാനങ്ങളുണ്ടെങ്കിലും ഭൂരിഭാഗം സൊസൈറ്റികളും സാമ്പത്തികമായി വിജയിച്ചുവെന്ന് പറയാനാവില്ല.

നിയമപരമായി ഇവ സ്വതന്ത്രമായാണ് പ്രവൃത്തിക്കുന്നതെങ്കിലും പലപ്പോഴും പൊതു താല്‍പ്പര്യപ്രകാരം സാമ്പത്തിക സഹായം അനുവദിക്കുന്നതിലും ഓഹരി മൂലധനം അനുവദിക്കുന്നതിലുമൊക്കെ സര്‍ക്കാര്‍ സഹായവും ഇടപെടലും ഉണ്ടാകാറുണ്ട്.

പുതിയ ബില്ലില്‍ എന്താണ്: ഏത് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കും നിലവിലുള്ള മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ലയിക്കാം എന്നതാണ് ഏറ്റവും പ്രധാന മാറ്റം. നേരത്തേയുള്ള നിയമമനുസരിച്ച് നിലവിലുള്ള മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് മാത്രമേ മറ്റൊരു മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ലയിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ ലയിക്കാമെന്ന വ്യവസ്ഥ സംസ്ഥാനങ്ങളുടെ അധികാരം ഹനിക്കുന്നതാണെന്ന വാദം മറുവശത്തുണ്ട്.

മറ്റൊരു പ്രധാന മാറ്റം സഹകരണ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് രൂപം നല്‍കാനുള്ള തീരുമാനമാണ്. സഹകരണ സ്ഥാപനങ്ങളില്‍ നീതി പൂര്‍വ്വകവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലെ സുശക്തമായ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് രൂപം നല്‍കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ചെയര്‍മാനും വൈസ് ചെയര്‍മാനും മൂന്നില്‍ കൂടാത്ത അംഗങ്ങളുമടങ്ങുന്നതാവും അതോറിറ്റി. സഹകരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഷ്കരണവും തെരഞ്ഞെടുപ്പ് നടത്തിപ്പുമെല്ലാം സമിതിയുടെ മേല്‍ നോട്ടത്തിലായിരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവില്ലെന്നും ബില്‍ വ്യക്തമാക്കുന്നു.

സഹകരണ സംഘങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡിലെ മൂന്നില്‍ ഒന്ന് പോസ്റ്റുകള്‍ ഒഴിവു വന്നാല്‍ അത്തരം ഒഴിവു വന്ന പോസ്റ്റുകളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. സഹകരണ സംഘങ്ങളുടെ സുഗമമായ നടത്തിപ്പിനും ഡയറക്ടര്‍ ബോര്‍ഡിലടക്കം കൊണ്ടു വരേണ്ട അച്ചടക്കത്തെപ്പറ്റിയുമൊക്കെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്. മൂന്ന് മാസത്തിലൊരിക്കലെങ്കിലും ബോര്‍ഡ് മീറ്റിങ്ങ് വിളിക്കാനുള്ള ബാധ്യത ചെയര്‍മാനും വൈസ് ചെയര്‍മാനും അംഗങ്ങള്‍ക്കുമുണ്ടെന്ന് ബില്ലില്‍ പറയുന്നു. സഹകരണ സൊസൈറ്റി ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി ഇക്വിറ്റി ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് ഭൂരിപക്ഷം നല്‍കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.

പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കും വനിതകള്‍ക്കും ഓരോ സീറ്റ് സംവരണം ചെയ്തതോടെ ഭരണ സമിതികളില്‍ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യവും വര്‍ധിപ്പിക്കാനാകും. മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളെക്കൂടി വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടു വരാനുള്ള വ്യവസ്ഥകളും പുതിയ ബില്ലിലുണ്ട്. രക്ത ബന്ധത്തിലുള്ളവര്‍ക്കോ അകന്ന ബന്ധത്തിലുള്ളവര്‍ക്കോ റിക്രൂട്ട് മെന്‍റുകളില്‍ ജോലി നല്‍കുന്നത് ബോര്‍ഡ് അംഗങ്ങളുടെ അയോഗ്യതയ്ക്ക് കാരണമാകും. സഹകരണ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും പുനക്രമീകരണത്തിനുമായി സഹകരണ നിധി രൂപീകരിക്കാനുള്ള തീരുമാനവും ശ്രദ്ധേയമാണ്. സഹകരണ സ്ഥാപനങ്ങളില്‍ വിവരാകാശ ഓഫീസറെ നിയമിക്കാനും ഓംബുഡ്സ് മാനെ നിയോഗിക്കാനുമുള്ള തീരുമാനവും പ്രധാനമാണ്. ഇതൊക്കെ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ സല്‍ഭരണവും സുതാര്യതയും ഉറപ്പു വരുത്താനുള്ള നീക്കങ്ങളാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

കേരളത്തിലെ സഹകരണ പ്രസ്ഥാനം: ഐക്യകേരളം രൂപം കൊള്ളുന്നതിനു മുമ്പു തന്നെ കേരളത്തില്‍ സഹകരണ പ്രസ്ഥാനം രൂപം കൊണ്ടിരുന്നു. 1913ലെ തിരു കൊച്ചി സഹകരണ നിയമവും 1914ലെ തിരുവിതാംകൂര്‍ സഹകരണ നിയമവും 1932ലെ മദ്രാസ് സഹകരണ നിയമവുമൊക്കെ നാട്ടില്‍ സഹകരണ സംഘങ്ങളുടെ പിറവിക്കും വളര്‍ച്ചയ്ക്കും കളമൊരുക്കി. 1969 ലെ കേരള സഹകരണ നിയമം സംസ്ഥാനത്തെമ്പാടും സഹകരണ സംഘങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി.

ഹ്രസ്വ കാല ഇടത്തരം ദീര്‍ഘ കാല വായ്പകള്‍ ലഭ്യമാക്കുക വഴി പ്രാദേശികമായും താഴേത്തട്ടിലും സാധാരണക്കാരുമായി ഏറെ അടുപ്പം സൂക്ഷിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സാധിച്ചു. വിവിധ വിഭാഗങ്ങളിലായി കേരളത്തില്‍ ആകെ 16112 സഹകരണ സംഘങ്ങള്‍ പ്രവൃത്തിക്കുന്നുവെന്നാണ് കണക്ക്. ഇവയില്‍ 1692 എണ്ണം പ്രഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ ഗണത്തില്‍പ്പെടുന്നു. ഇന്ത്യയിലാകെയുള്ള 8.6 ലക്ഷം സഹകരണ സംഘങ്ങളില്‍ 63000 പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 6 ശതമാനവും കേരളത്തില്‍ നിന്നാണ്. ഈയിനത്തില്‍ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്‍റെ 60 ശതമാനവും കേരളത്തില്‍ നിന്നാണ്.

കേരളത്തിലെ ഈ പ്രഥമിക സഹകരണസംഘങ്ങളില്‍ മാത്രം ഏതാണ്ട് എണ്‍പതിനായിരം കോടി രൂപയുടെ നിക്ഷേപവും 71301 കോടി രൂപയുടെ വായ്പയുമുണ്ടെന്നാണ് കണക്ക്. ജില്ലാ സഹകരണ ബാങ്കുകളിലെ ആകെ നിക്ഷേപം 39,860 കോടിയും വായ്പബാക്കി 24,451 കോടിയുമാണ്. സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപം ഇതിനു പുറമേയും. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ചേര്‍ത്ത് 2019 ല്‍ സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിച്ചിരുന്നു. രണ്ടര ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും അത്രയും തന്നെ രൂപയ്ക്കുള്ള വായ്പയും എന്ന അത്യാകര്‍ഷകമായ തലത്തിലാണ് കേരളത്തിലെ സഹകരണ മേഖല നില കൊള്ളുന്നത്.

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കെല്ലാമായി കേരളത്തില്‍ ആകെ ഏഴായിരത്തില്‍ താഴെ ശാഖകളാണ് ഉള്ളത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാവട്ടെ 4800 ഓളം ശാഖകളുണ്ട്. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ ഏതാണ്ട് 60 ശതമാനം ആളുകളും ഏതെങ്കിലും പ്രഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരള ബാങ്ക് ശാഖകള്‍, അര്‍ബന്‍, എംപ്ളോയീസ്, കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍ എന്നിവയുടെ ബ്രാഞ്ചുകളടക്കം 7000 ശാഖകളാണ് സംസ്ഥാനത്ത് പ്രവൃത്തിക്കുന്നത്. 641 ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍ 736 പട്ടികജാതി സഹകരണ സംഘങ്ങള്‍, 98 പട്ടിക വര്‍ഗ സഹകരണ സംഘങ്ങള്‍ 1152 വനിതാ സഹകരണ സംഘങ്ങള്‍ 232 മല്‍സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ എന്നിവ കേരളത്തിലെ സഹകരണ മേഖലയുടെ വൈവിധ്യത്തെ കാണിക്കുന്നു. ഇതിനു പുറമേയാണ് സഹകരണ മെഡിക്കല്‍ കോളജുകളും എഞ്ചിനീയറിങ്ങ് കോളേജുകളും. നിര്‍മാണ മേഖലയിലും ഐടി മേഖലയിലും വന്‍കിട ബഹുരാഷ്ട്ര കമ്പനികളോട് കിടപിടിക്കുന്ന സഹകരണ സ്ഥാപനങ്ങളും കേരളത്തിലുണ്ട്.

നോട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ പണം പിന്‍വലിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് വരുത്തിയ നിയന്ത്രണങ്ങള്‍ നേരത്തെ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.2020 സെപ്റ്റംബറില്‍ നിലവില്‍ വന്ന ബാങ്കിങ്ങ് റഗുലേഷന്‍ ചട്ടങ്ങള്‍ നവംബര്‍ മുതല്‍ റിസര്‍വ് ബാങ്ക് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് ശനി ദശ തുടങ്ങിയത്.

വായ്പ നല്‍കുന്ന തുക കഴിഞ്ഞ് കരുതല്‍ ധനവും കഴിഞ്ഞ് വരുന്ന തുക ജില്ലാ സഹകരണ ബാങ്കുകളിലോ ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ സൂക്ഷിക്കുക എന്നതായിരുന്നു നേരത്തേയുള്ള രീതി. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ 24,000 രൂപ പരിധി നിശ്ചയിച്ചതോടെ ഇടപാടുകാര്‍ക്ക് പണം എടുത്തു നല്‍കാനാവാതെ സഹകരണ സംഘങ്ങള്‍ ബുദ്ധിമുട്ടുകയായിരുന്നു. ഈ വഴിയില്‍ പ്രഥമിക സഹകരണ സംഘങ്ങള്‍ക്ക് വലിയ തോതില്‍ നിക്ഷേപ നഷ്ടവും സംഭവിച്ചിരുന്നു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിനുള്ള വിലക്കും വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനുള്ള വിലക്കുമൊക്കെ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങളുടെ ഭാഗമായിരുന്നു.

വൈവിധ്യ വല്‍ക്കരണത്തിലൂടെയും ജനകീയവല്‍ക്കരണത്തിലൂടെയും ഏറെ മുന്നോട്ടു പോയെങ്കിലും നടത്തിപ്പിലെ പിടിപ്പു കേടും ധൂര്‍ത്തും അഴിമതിയുമൊക്കെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് പേരുദോഷവും ഉണ്ടാക്കിയിട്ടുണ്ട്.വായ്പാ തട്ടിപ്പുകളും ആര്‍ഭാടവുമൊക്കെ സഹകരണ മേഖലയുടെ വിശ്വാസ്യതയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.

അമിത് ഷായുടെ വാദം: മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി ബില്‍ സഹകരണ മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കും.മുന്‍ സര്‍ക്കാരുകള്‍ മേഖലയെ അവഗണിക്കുകയായിരുന്നു. 2003 മുതല്‍ രാജ്യത്ത് സഹകരണ മേഖലയ്ക്ക് നയമില്ല. ഈ വര്‍ഷം ദീപാവലിക്ക് മുമ്പായി ( നവംബര്‍ 10) കേന്ദ്ര സര്‍ക്കാര്‍ ദേശീയ സഹകരണ നയം കൊണ്ടു വരും. അടുത്ത 25 വര്‍ഷത്തേക്ക് സഹകരണ മേഖലയുടെ വികാസത്തിനുള്ള ദിശാ സൂചകമായിരിക്കും ഈ ദേശീയ സഹകരണ നയം. സഹകരണ മേഖലയിലെ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വ കലാശാല ആരംഭിക്കും. ദേശീയ തലത്തിലുള്ള സര്‍വകലാശാലയാകും ആരംഭിക്കുകയെന്നും ഇതിനായി സഹകരണ യൂണിവേഴ്സിറ്റി ബില്‍ കൊണ്ടു വരുമെന്നും അമിത് ഷാ പറഞ്ഞു. സഹകരണ മേഖലയെക്കുറിച്ചുള്ള ഡാറ്റാ ബേസൊന്നും ഇപ്പോള്‍ ലഭ്യമല്ല.

എട്ടു ലക്ഷത്തില്‍പ്പരം വരുന്ന സഹകരണ സംഘങ്ങളെ സര്‍വ്വേ ചെയ്ത് ഏതൊക്കെ മോഖലകളിലാണ് ഇനിയും സഹകരണ പ്രസ്ഥാനങ്ങളില്ലാത്തതെന്ന് കണ്ടെത്തും. ദേശീയ തലത്തിലുള്ള ഡാറ്റാ ബേസാകും തയ്യാറാക്കുക. ഈ പ്രവൃത്തിയുടെ 95 ശതമാനം ജോലിയും പൂര്‍ത്തിയായിക്കഴിഞ്ഞു. ദസറയ്ക്ക് മുമ്പ് ( ഒക്ടോബര്‍ 24) ഈ ഡാറ്റാ ബേസ് ഓണ്‍ ലൈനായി പ്രസിദ്ധീകരിക്കും.

മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്‍ സഹകരണ സ്ഥാപനങ്ങളില്‍ കൃത്യമായി തെരഞ്ഞെടുപ്പുകള്‍ നടത്തി കൂടുതല്‍ സുതാര്യമാക്കാനും ലാഭ കേന്ദ്രങ്ങളാക്കാനും അതു വഴി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതാണ്. ഈ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് പുതിയ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് കൂടി രൂപം നല്‍കുമെന്ന് അമിത് ഷാ പറഞ്ഞു.

"കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകളുടെ കയറ്റുമതിയും വിപണനവും ലക്ഷ്യമിട്ടുള്ളതാണ് ആദ്യ സൊസൈറ്റി. രണ്ടാമത്തെ സൊസൈറ്റി വിത്ത് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടുള്ളതാണ്. ചെറുകിട കര്‍ഷകരെപ്പോലും കൂട്ടിയിണക്കി വിത്തുല്‍പ്പാദനം നടത്തുകയെന്നതാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം.ഒരേക്കര്‍ ഭൂമിയുള്ള കര്‍ഷകര്‍ക്കു വരെ വിത്തുല്‍പ്പാദനത്തിന്‍റെ ഭാഗമാകാന്‍ കഴിയും.മൂന്നാമത്തെ സൊസൈറ്റി കര്‍ഷകരുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിനകത്തും പുറത്തും വിപണനം ചെയ്ത് തക്കതായ പ്രതിഫലം കര്‍ഷകരിലേക്കെത്തിക്കും."

115 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം വിജയകരമായ പല മുന്നേറ്റങ്ങളുടേയും മാതൃക ലോകത്തിനു തന്നെ സമ്മാനിച്ചിട്ടുണ്ട്. അമുല്‍, കാം കോ, ക്രിബ്കോ, ഇഫ്കോ, തുടങ്ങിയ മുന്‍ നിര സഹകരണ സ്ഥാപനങ്ങള്‍ വഴി ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി നല്‍കിയത്. രാജ്യ പുരോഗതിയ്ക്ക് വലിയ സംഭാവന നല്‍കുന്ന സ്ഥാപനങ്ങളായി സഹകരണ മേഖലയെ മാറ്റിത്തീര്‍ക്കാനുള്ള വീക്ഷണത്തോടെയാകും പുതിയ ദേശീയ സഹകരണ നയം കൊണ്ടു വരികയെന്നും അതിനുള്ള ശ്രമങ്ങളാണ് സഹകരണ വകുപ്പ് നടത്തുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് കുതിക്കാനിരിക്കുന്ന രാജ്യത്തിന് സഹകരണ മേഖലയില്‍ വലിയ പ്രതീക്ഷകളാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഐ.ടി, സോളാര്‍ അടക്കമുള്ള പാരമ്പര്യ ഊര്‍ജ മേഖല, ഇലക്ട്രിക്ക് വാഹനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങി വൈവിധ്യമര്‍ന്ന മേഖലകളില്‍ക്കൂടി മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സഹകരണ സംഘങ്ങള്‍ തുടങ്ങാനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ടു പോവുകയാണ്.

എതിര്‍പ്പ് എന്തുകൊണ്ട്: ഈ മാറ്റങ്ങളൊക്കെ സഹകരണ സ്ഥാപനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സഹകരണ പുനരധിവാസ നിധി ബോര്‍ഡിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കുന്നതില്‍ സൊസൈറ്റികളുടെ തീരുമാനത്തെ മറികടക്കാന്‍ കേന്ദ്രത്തിനാകുമെന്നത് ചൂണ്ടിക്കാട്ടി മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ അധികാരം ഹനിക്കുന്ന തരത്തില്‍ നിരവധി വ്യവസ്ഥകള്‍ പുതിയ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളാക്കി മാറ്റാൻ കഴിയുന്ന വ്യവസ്ഥകളും പുതിയ ബില്ലിലുണ്ടെന്ന് കേരളം ആരോപിക്കുന്നു. ഭരണ സമിതിയുടെ തീരുമാന പ്രകാരവും പൊതുയോഗത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചും ഏത് സഹകരണ സംഘത്തെയും മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളാക്കി മാറ്റാം എന്നതാണ് പുതിയ വ്യവസ്ഥ. മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ലയിക്കുന്നതിന് മുമ്പ് സംസ്ഥാന രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കണമെന്ന വ്യവസ്ഥ പുതിയ ഭേദഗതിയില്‍ ഇല്ല.

പകരം സംസ്ഥാന രജിസ്ട്രേഷന്‍ സ്വാഭാവികമായും റദ്ദാകുമെന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. ഇത് വരും നാളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാനിരിക്കുന്ന പുതിയ നിയമത്തിലെ വ്യവസ്ഥയാണ്. ഇതു വഴി ലയിക്കുന്ന സഹകരണ സംഘങ്ങളുടെ ആസ്തിയും മൂലധനവും ഇഷ്ടമുള്ള തരത്തിൽ വിനിയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ലഭ്യമാകും.

സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ടവയാണ് സഹകരണ സംഘങ്ങള്‍ എന്ന ചിന്തയാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത് എന്നാണ് സംസ്ഥാന സഹകരണ മന്ത്രി വി എന്‍ വാസവന്‍ ആരോപിച്ചത്. "വാണിജ്യ ബാങ്കുകളുടെ ഗണത്തിലാണ് കേന്ദ്രം സഹകരണ സംഘങ്ങളേയും കാണുന്നത്. സഹകരണം സംസ്ഥാന വിഷയമാണെന്ന് 2021 ജൂലായ് 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രധാന വിധിയിൽ സുപ്രീം കോടതിയുടെ ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ 32-ാം എൻട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് മറി കടന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ അമിതാധികാരം ഉറപ്പാക്കാനാണ് മൾട്ടി സ്റ്റേറ്റ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേൽ സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണമില്ല. നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകാനോ, സാധാരണക്കാരന് വായ്പ നൽകാനോ ഉള്ള സഹകരണ സംഘങ്ങളുടെ പ്രാഥമിക ബാധ്യത പോലും നിയമപ്രകാരം മൾട്ടി സ്റ്റേറ്റ് സംഘങ്ങൾക്ക് ഇല്ലാ എന്നത് നിക്ഷേപകര്‍ക്കും വെല്ലു വിളിയാകും. സംസ്ഥാനങ്ങളുടെ സാമ്പത്തിക മുന്നേറ്റങ്ങൾക്ക് താങ്ങായിരുന്നു സഹകരണ പ്രസ്ഥാനങ്ങൾ.

കാർഷിക മേഖലയിലെ മുന്നേറ്റങ്ങൾക്കും സഹകരണ സംഘങ്ങൾ വലിയ പങ്കു വഹിച്ചു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വൈവിദ്ധ്യവൽക്കരണത്തിനും സംഘങ്ങൾ തയ്യാറായി. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ സൃഷ്ടിച്ച് വലിയ മുന്നേറ്റം സൃഷ്ടിച്ചു. ഐ ടി, ആരോഗ്യം, വിദ്യാഭാസം, ഉൽപ്പാദനം തുടങ്ങി എല്ലാ മേഖലകളിലേക്കും സഹകരണ പ്രസ്ഥാനം കടന്ന് ചെന്നു. സാധാരണക്കാർക്ക് ഒപ്പം നില്‍ക്കുന്ന സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾക്ക് നിയമ ഭേദഗതി തടസ്സമാകും. ലോകത്തിന് തന്നെ മാതൃകയാകുന്ന സഹകരണ സംഘങ്ങളുള്ള കേരളത്തില്‍ പുതിയ നിയമ ഭേദഗതി അത്തരം സംഘങ്ങൾക്ക് പോലും ഭീഷണിയാണ്." മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി ശക്തിയുക്തം എതിർക്കപ്പെടേണ്ടതാണെന്നും സംസ്ഥാന സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ചുരുക്കം: വിത്തും വളവും വിതരണം ചെയ്യുന്നതില്‍ തുടങ്ങിയ സഹകരണ സംഘങ്ങളാണ് ഇന്ന് ബഹുമുഖമായ മേഖലകളിലേക്ക് പടര്‍ന്നു പന്തലിച്ചത്. കയര്‍, കൈത്തറി, ക്ഷീരം, മല്‍സ്യം, തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ കേരളത്തില്‍ സഹകരണ സംഘങ്ങളുണ്ട്. ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ ജോലി നോക്കുന്ന സഹകരണ രംഗം സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയുമാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കേരള സമ്പദ് ഘടനയെ താങ്ങി നിര്‍ത്തുന്നതു പോലും സഹകരണ മേഖലയിലെ നിക്ഷേപവും വായ്പയുമാണെന്ന് പറയുന്നതില്‍ തെറ്റില്ല.

സഹകരണ മേഖലയില്‍ നിന്നുള്ള നിക്ഷേപം സംസ്ഥാനത്തിന്‍റെ വികസനത്തിനായി വിനിയോഗിക്കാം എന്ന സൗകര്യം സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് പ്രാമുഖ്യം ലഭിക്കുകയും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സഹകരണസംഘങ്ങള്‍ക്ക് യഥേഷ്ടം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ ലയിക്കാമെന്ന ഘട്ടം വരികയും ചെയ്താല്‍ കേരള സര്‍ക്കാരിന്‍റെ ധനസ്ഥിതി തന്നെയാണ് പരുങ്ങലിലാവുക. ഇത് എങ്ങിനെ സിപിഎം കൈകാര്യം ചെയ്യും എന്നത് കണ്ടറിയേണ്ടതാണ്. കേരളത്തിന്‍റെ രാഷ്ട്രീയ അടിത്തറയെത്തന്നെ പിടിച്ചുലയ്ക്കുന്ന മാറ്റങ്ങള്‍ക്ക് ഇത് വഴിവെച്ചാലും അദ്ഭുതപ്പെടാനില്ല.

Last Updated : Aug 5, 2023, 4:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.