ന്യൂഡൽഹി : പാൻഡോറ പേപ്പേഴ്‌സ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ചെയർമാന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം (എഫ്‌ഐയു) എന്നീ ഏജൻസികളിലെ ഉദ്യോഗസ്ഥരുണ്ടാകും.
ഫലപ്രദമായ അന്വേഷണം ഉറപ്പുവരുത്താൻ നിരന്തര ഇടപെടൽ നടത്തുമെന്നും ഇത്തരം സംഭവങ്ങള്‍ സമഗ്രമായി പരിശോധിക്കുമെന്നും സിബിഡിടി പറയുന്നു.
300ൽ അധികം ഇന്ത്യക്കാർക്ക് അനധികൃത സമ്പാദ്യം
വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 300ൽ അധികം ഇന്ത്യക്കാരുടെ പേരാണ് പാൻഡോറ പേപ്പേഴ്‌സിലൂടെ ഇതുവരെ പുറത്തുവന്നത്. സച്ചിൻ ടെണ്ടുൽക്കർ, അനിൽ അംബാനി, നീരവ് മോദി, കിരൺ മസുന്ദർ ഷാ എന്നിവരും ലിസ്റ്റിലുണ്ട്.
അതേസമയം സച്ചിന്‍റെ സമ്പത്ത് നിയമാനുസൃതമാണെന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക് മുൻപിൽ അത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു.
ഘട്ടം ഘട്ടമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഐസിഐജെ
ഇന്‍റർനാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും (ഐസിഐജെ) വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏഷ്യയിലേയും മിഡിൽ ഈസ്റ്റിലെയും രാഷ്ട്രീയക്കാർ ഉൾപ്പടെയുള്ള വ്യക്തികളുടെ ആസ്‌തികളുടെ വിവരങ്ങൾ പുറത്തുവന്നവയിലുണ്ട്.
ഇതുവരെ കുറച്ചുപേരുടെ പേരുവിവരം മാത്രമേ മാധ്യമങ്ങളിൽ വന്നിട്ടുള്ളൂ. ലഭ്യമായ എല്ലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരുവിവരങ്ങൾ ഐസിഐജെ പുറത്തുവിട്ടിട്ടില്ല. ഘട്ടം ഘട്ടമായി കൂടുതൽ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ഐസിഐജെ വ്യക്തമാക്കുന്നത്.
പാന്‍ഡോറ പേപ്പേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണത്മക റിപ്പോര്‍ട്ടുകളില്‍ ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന രാജ്യങ്ങളിൽ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്.
READ MORE: വിദേശരാജ്യങ്ങളിലെ അനധികൃത ഇടപാട്; പാൻഡോറ പേപ്പേഴ്‌സിൽ സച്ചിൻ തെണ്ടുൽക്കർ