ന്യൂഡൽഹി:മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി ബുധനാഴ്ചത്തേക്ക് (15.12.2021 ) മാറ്റി. അറിയിപ്പില്ലാതെ തമിഴ്‌നാട് ജലം തുറന്ന് വിടുന്നത് തടയണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.അപേക്ഷയിൽ മറുപടി സമർപ്പിക്കാൻ സമയം വേണമെന്ന തമിഴ്‌നാടിന്‍റെ അവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം.
മുന്നറിയിപ്പില്ലാതെ ഡാം തുറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് നടപടി തുടർന്നതോടെയാണ് കേരളം കോടതിയെ സമീപിച്ചത്.ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നും, അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാൻ പുതിയ സമിതി രൂപീകരിക്കണം എന്നും ഹർജിയിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്‍റെ നിലപാട്.
രാത്രയിൽ തമിഴ്നാട് വെള്ളം തുറന്ന് വിടുന്നത് പെരിയാർ തീരത്ത് പ്രളയത്തിന് കാരണമായിരുന്നു. വീടുകളിൽ വെള്ളം കയറിയ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയോടൊപ്പം കേരളം ചേർത്തിട്ടുണ്ട്.അടിയന്തര ഇടപെടൽ ആവശ്യമായ വിഷയമായിട്ടും മേൽനോട്ട സമിതി വിഷയം പരിഗണിക്കുന്നില്ലന്നും കേരളം ഹർജിയിൽ ആരോപിക്കുന്നു.
മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിടുന്നതോടെ വള്ളക്കടവ് മുതല്‍ അയ്യപ്പന്‍ കോവില്‍ വരെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ നിരന്തരം ദുരിതത്തിലാവുകയാണ്. വീടുകളിൽ നിരന്തരം വെളളം കയറുന്ന സാഹചര്യമായതോടെ രാത്രികാലങ്ങളിൽ ആശങ്കയോടെയാണ് പ്രദേശത്തെ ജനങ്ങള്‍ കഴിയുന്നത്.