ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു. മുലായം സിങ് യാദവിനായി സാധ്യമായ ഏത് സഹായവും ലഭ്യമാക്കാന്‍ താന്‍ കൂടെയുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മകനുമായ അഖിലേഷ് യാദവിന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും യോഗി ആദിത്യനാഥ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും വൃത്തങ്ങള്‍ അറിയിച്ചു.
'മുലായം സിങിന്‍റെ അസുഖം വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും ദീര്‍ഘായുസിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് 'ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 'മുലായം സിങ് എത്രയും വേഗത്തില്‍ ആരോഗ്യവാനായി തിരികെ എത്തട്ടെയെന്ന്' വിവിധ രാഷ്‌ട്രീയ നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. '82കാരനായ നേതാവ് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തേണ്ട, ആരോഗ്യനിലയെ കുറിച്ചുള്ള വിവരം ഇടക്കിടക്ക് അറിയിക്കും ' എന്നിങ്ങനെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വിറ്ററില്‍ കുറിച്ചു.
അദ്ദേഹത്തെ സന്ദര്‍ശിക്കാനായി കുടുംബാംഗങ്ങള്‍ ഗുരുഗ്രാമിൽ എത്തിയിട്ടുണ്ടെന്ന് പാർട്ടിയുടെ ഉത്തർപ്രദേശ് യൂണിറ്റ് വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. സഹോദരൻ ശിവ്‌പാൽ സിങ് യാദവും ആശുപത്രി സന്ദര്‍ശിച്ചതായി അദ്ദേഹം അറിയിച്ചു. അദ്ദേഹത്തെ കാണാനായി ഗുരുഗ്രാമിലെത്തി ബുദ്ധിമുട്ടുണ്ടാക്കാരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഓങ്കോളജിസ്റ്റുമാരായ ഡോ. നിതിൻ സൂദ്, ഡോ. സുശീൽ കട്ടാരിയ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തുന്നതെന്നും രാജേന്ദ്ര ചൗധരി അറിയിച്ചു.
മുലായം സിങ് യാദവിന്‍റെ ആരോഗ്യനില വഷളായതില്‍ ഞങ്ങള്‍ ആശങ്കാകുലരാണെന്നും ആരോഗ്യവാനായി തിരികെയെത്താന്‍ പ്രാര്‍തിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു. 'ശ്രീ മുലായം സിങ് ജി ഉടൻ തന്നെ മികച്ച ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്' ആര്‍ജെഡി അധ്യക്ഷന്‍ ജയന്ത് സിങ് ചൗധരിയും ട്വിറ്ററില്‍ കുറിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 22മുതല്‍ മുലായം സിങ് ചികിത്സയിലായിരുന്നു.