കൊൽക്കത്ത: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടി.എം.സി) തിരിച്ചെത്തി. ടി.എം.സിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന മുകുള്‍ റോയിയുടെ തീരുമാനത്തെ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വാഗതം ചെയ്തു.
മകന്‍ സുബ്രാന്‍ഷു റോയിയും പിതാവിനൊപ്പം തൃണമൂലില്‍ ചേര്‍ന്നു. മമതയുമായി മുകുള്‍ റോയ് കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ഭവനില്‍ വെച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്.
ALSO READ: സോഷ്യലിസത്തിന് വധുവായി മമത ബാനർജി, കമ്മ്യൂണിസവും ലെനിനിസവും സാക്ഷികൾ
ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ അദ്ദേത്തിനു പാര്‍ട്ടിയോട് അതൃപ്തിയുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങൾ ഉയര്‍ന്നിരുന്നു. ഇതിനിടെയിലാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നത്. ഇക്കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കൃഷ്ണങ്കർ ഉത്തർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച റോയ്, ടി.എം.സി സ്ഥാനാർഥിയും നടനുമായ കൗഷാനി മുഖർജിയെ പരാജയപ്പെടുത്തിയിരുന്നു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് തകർപ്പൻ വിജയം നേടി ഒരു മാസത്തിന് ശേഷമാണ് റോയ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. 2017 നവംബറിലാണ് അദ്ദേഹം തൃണമൂല്‍ വിട്ട് ബി.ജെ.പിയിൽ ചേർന്നത്.