ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ പരിഹാസവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്‌താര്‍ അബ്ബാസ് നഖ്‌വി. അഖിലേഷ് യാദവ് തമാശകള്‍ പറയാനാണ് ശ്രമിക്കുന്നത് അല്ലാതെ തെരഞ്ഞടുപ്പില്‍ മത്സരിക്കാനല്ലെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്ന്നങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള അഖിലേഷ് യാദവിന്‍റെ രാഷ്ട്രീയ പ്രതികരണങ്ങള്‍ തനിക്ക് മനസിലാവില്ലെന്നും നഖ്‌വി പറഞ്ഞു.
വരാന്‍പോകുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ പരാജയം മണത്താണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അഖിലേഷ് നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. "ഹെലികോപ്റ്റര്‍ 10മിനിട്ട് വൈകി, സൈക്കിള്‍ പഞ്ചറായി അത് ബിജെപിയാണ് ചെയ്തത്. മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ എന്തെങ്കിലും പ്രശ്ന്മുണ്ടായാല്‍ അതിന്‍റെ ഉത്തരവാദി ബിജെപി തുടങ്ങിയ പ്രതികരണങ്ങള്‍ നടത്തുന്നത് പരാജയഭീതി മൂലമാണെന്ന് നെഖ്‌വി പറഞ്ഞു.
ഒരു കാരണവുമില്ലാതെ തന്‍റെ ഹെലികോപ്റ്റര്‍ ഡല്‍ഹിയില്‍ തടഞ്ഞു നിര്‍ത്തിയെന്നും ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കാനായി ബിജെപി എന്തും ചെയ്യുമെന്നതിന്‍റെ ഉദാഹരണമാണ് ഇതെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലേക്കു പോകേണ്ട അഖിലേഷിന്‍റെ ഹെലികോപ്റ്റര്‍ പുറപ്പെടാന്‍ വൈകിയതിന് കാരണം ഉയര്‍ന്ന എയര്‍ ട്രാഫിക്കാണെന്നാണ് ഡല്‍ഹി വിമാനത്താവള അധികൃതരുടെ വിശദീകരണം. രാഷ്ട്രീയ ലോക്‌ദള്‍ നേതാവ് ജയന്ത് ചൗധരിയുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു അഖിലേഷ് യാദവ് മുസഫര്‍ നഗറിലേക്ക് തിരിച്ചത്.
തന്‍റെ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ ഓരോ കുടുംബത്തിനും മുന്നൂറ് യൂണിറ്റ് വൈദ്യുതി, എല്ലാ കാര്‍ഷിക വിളകള്‍ക്കും മിനിമം താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളാണ് അഖിലേഷ് യാദവ് ജനങ്ങള്‍ക്ക് നല്‍കുന്നത്. അധികാരത്തിലിരുന്നപ്പോള്‍ ഒന്നും ചെയ്യാതിരുന്ന അഖിലേഷ് യാദവ് ഇപ്പോള്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ ജനം അത് മുഖവിലയ്‌ക്കെടുക്കില്ലെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി പ്രതികരിച്ചു.
സമാജ്‌വാദി പാര്‍ട്ടി ക്രിമിനലുകളുടെ പാര്‍ട്ടിയാണെന്നും നഖ്‌വി ആരോപിച്ചു. ക്രിമിനലുകളെ കൂടെനിര്‍ത്തികൊണ്ടാണ് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി പറയുന്നത്. അതുകൊണ്ട്തന്നെ ജനങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിയെ തിരസ്കരിക്കുമെന്നും മുഖ്‌താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. അഴിമതിയില്‍ നിന്നും, ക്രിമിനലുകളില്‍ നിന്നും, വര്‍ഗീയതയില്‍ നിന്നും ബിജെപി യുപിയെ മുക്തമാക്കിയെന്ന് നഖ്‌വി അവകാശപ്പെട്ടു.
ഏഴ് ഘട്ടങ്ങളായാണ് 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. ഫെബ്രുവരി 14, 20, 23, 27, മാര്‍ച്ച് 3, 7 തിയ്യതികളിലായാണ് പിന്നീടുള്ള ഘട്ടങ്ങള്‍. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം.
ALSO READ: സർക്കാർ ജോലികൾക്ക് റിക്രൂട്ട്‌മെന്‍റ് കമ്മിഷൻ രൂപീകരിക്കും: പ്രിയങ്ക ഗാന്ധി