ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പ്രതിനിധി സംഘം. ജൂലൈ 29, 30 (ശനി, ഞായര്‍) ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടികളുടെ നേതൃത്വത്തിലായിരിക്കും പ്രതിനിധികള്‍ കലാപ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുക.
ഇക്കഴിഞ്ഞ ജൂണ്‍ 29, 30 തിയതികളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തുകയും കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്ത്യ പ്രതിനിധികളുടെ സന്ദര്‍ശനം.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും: കലാപം നാശം വിതച്ച സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് പ്രതിപക്ഷ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. കലാപത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ ജനങ്ങളെ നേരില്‍ കാണുന്നതിനും അവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചോദിച്ചറിയുന്നതിനും വേണ്ടിയാണ് സന്ദര്‍ശനം. കൂടാതെ ഗവര്‍ണര്‍ അനുസൂയ യുകെയ്‌യുമായും സംഘം കൂടിക്കാഴ്‌ച നടത്തും.
മണിപ്പൂരിലെ പ്രശ്‌ന ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. ഇതിനായി പ്രതിപക്ഷ സഖ്യം ഉള്‍പ്പെട്ട 26 രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും ഓരോ പ്രതിനിധികളെ തെരഞ്ഞെടുത്തു. മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാന്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു.
കലാപത്തിന്‍റെ ഇരകളായ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പ്രതിസന്ധിയോടുള്ള സംസ്ഥാന സർക്കാരിന്‍റെ നിലപാടുകളെ കുറിച്ചും മണിപ്പൂരിലെ ജനങ്ങളില്‍ നിന്നും ചോദിച്ചറിയും. മണിപ്പൂരിലെ സന്ദര്‍ശനം പ്രതിപക്ഷ സഖ്യത്തിനും മണിപ്പൂരിലെ ജനങ്ങള്‍ക്കും കാര്യമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. കൂടാതെ ജനങ്ങളുടെ പ്രശ്‌നങ്ങളിലുള്ള സഖ്യത്തിന്‍റെ ഇടപെടല്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനും സാധ്യതയുണ്ട്.
മൗനം പാലിച്ച് പ്രധാനമന്ത്രി: മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്ന സാഹചര്യത്തില്‍ കറുപ്പ് വസ്‌ത്രമണിഞ്ഞാണ് ഇന്ന് (ജൂലൈ 26) പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്‍റിലെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പ്രസ്‌താവന ഇറക്കണമെന്ന ആവശ്യം അംഗങ്ങള്‍ തുടര്‍ന്നു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നാണ് സര്‍ക്കാര്‍ വാദം. മണിപ്പൂരിലെ നിലവിലുള്ള മോശം സാഹചര്യത്തെ ഇല്ലാതാക്കാനായി അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ശക്തമായി ആഞ്ഞടിച്ചു. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ കണക്കിലെടുത്ത് സന്ദര്‍ശനം നടത്താനുള്ളത് പ്രതിപക്ഷത്തിന്‍റെ സജീവ തീരുമാനമാണ്.
3 മാസമായി സംഘര്‍ഷ ഭൂമിയായി മണിപ്പൂര്‍: ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. കുക്കി, മെയ്‌തേയി വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥയാണുള്ളത്. സംഭവത്തിന് പിന്നാലെ സംസ്ഥാന, കേന്ദ്ര സര്‍ക്കാറിന് വിവിധയിടങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണുള്ളത്.
സംസ്ഥാന മുഖ്യമന്ത്രി എന്‍. ബിരേന്ദ്ര സിങ് രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം ആവശ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ സ്ഥാനം രാജിവയ്‌ക്കുകയുള്ളൂവെന്ന നിലപാടിലാണ് മുഖ്യമന്ത്രി ബീരേന്ദ്ര സിങ്.