ഭോപ്പാൽ: എം.പി.എസ്.സി പരീക്ഷ ചോദ്യ പേപ്പറില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ കമ്മിഷന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. വിവാദ ചോദ്യം തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെയും ചോദ്യങ്ങള്‍ പുന:പരിശോധിച്ച് അന്തിമ തീരുമാനമെടുത്ത മോഡറേറ്റര്‍ക്കെതിരെയുമാണ് നടപടിയെടുത്തത്. 'കശ്‌മീര്‍ പാകിസ്ഥാന് നല്‍കാന്‍ ഇന്ത്യ തീരുമാനിക്കണം' എന്ന വിവാദ ചോദ്യം പരീക്ഷയില്‍ ഉള്‍പ്പെടുത്തിയതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് 'വേണം' 'വേണ്ട' എന്ന ഓപ്‌ഷനുകളാണ് ഉണ്ടായിരുന്നത്. ചോദ്യ പേപ്പറില്‍ വിവാദമുയര്‍ന്നതോടെ ഞായറാഴ്‌ച നടന്ന പരീക്ഷയില്‍ നിന്ന് ചോദ്യം പിന്‍വലിച്ചു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും പേപ്പര്‍ തയ്യാറാക്കാന്‍ ചുമതലയുള്ള മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഡീബാര്‍ ചെയ്‌തെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിനായി എം.പി.പി.എസ്.സിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനും കത്ത് എഴുതുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. ചോദ്യ പേപ്പറിലെ കശ്‌മീരിനെ കുറിച്ചുള്ള ചോദ്യത്തോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും വിവാദമുണ്ടായ ചോദ്യം പരീക്ഷയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും എം.പി.പി.എസ്.സി ഒഎസ്‌ഡി (ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി) രവീന്ദ്ര പഞ്ച്‌ഭായ് ഇന്‍ഡോറില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിവാദ ചോദ്യം പരീക്ഷയില്‍ ഉള്‍പ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരീക്ഷയുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പഞ്ചഭായ് വിസമ്മതിച്ചു. ചോദ്യ പേപ്പറിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
also read:യൂണിവേഴ്‌സിറ്റി കോളജ് വിവാദങ്ങള്‍; എന്‍ഡിഎ സംഘം ഗവര്‍ണറെ കണ്ടു