ഭോപ്പാൽ : ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടർന്ന് യുവതിയെ ശുദ്ധീകരണം നടത്തി കുടുംബം. നർമദ നദിയിൽ കുളിപ്പിച്ച യുവതിയുടെ മുടി മുറിക്കുകയും വസ്‌ത്ര ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയുടെ അച്ഛൻ, മറ്റ് മൂന്ന് കുടുംബാംഗങ്ങൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
2020 മാർച്ചിലാണ് യുവതിയും യുവാവും വിവാഹിതരാകുന്നത്. 2021 ജനുവരിയില്‍ ഒരു ബന്ധു യുവതിയെ കാണാനില്ലെന്നാരോപിച്ച് പൊലീസിൽ പരാതി നൽകി. എന്നാൽ അതേസമയം യുവതിയുടെ അച്ഛൻ യുവതിയെ കാണുകയും വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ALSO READ: ഒത്തുതീർപ്പിനുള്ള സമയം കഴിഞ്ഞു,കോൺഗ്രസ് വിട്ടത് അന്തിമം : അമരീന്ദർ സിങ്
പരാതിയിന്‍മേല്‍ നടപടിയെടുത്ത പൊലീസ് യുവതിയെ വീട്ടില്‍ തിരിച്ചെത്തിച്ചു. ഫെബ്രുവരിയിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കാൻ ഹോസ്റ്റലിലേക്ക് മാറിയ യുവതിയെ രക്ഷാബന്ധൻ സമയത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് ശുദ്ധീകരണ നടപടിക്ക് വിധേയയാക്കിയത്.
ദലിത് യുവാവില്‍ നിന്ന് വിവാഹമോചനത്തിന് വീട്ടുകാർ നിർബന്ധിച്ചെന്നും സ്വന്തം സമുദായത്തിൽ നിന്ന് കല്യാണം കഴിക്കാൻ ആവശ്യപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു. വെള്ളിയാഴ്‌ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.