ഭോപ്പാൽ: ഇൻഡോർ ഹണിട്രാപ് കേസിൽ മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമൽനാഥിന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ(എസ്ഐടി) നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് കമൽനാഥിന്‍റെ കൈവശമുള്ള പെൻഡ്രൈവ് ഹാജരാക്കാനാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്. ഹണിട്രാപ്പ് കേസിലെ നിർണായക വിവിരങ്ങൾ അടങ്ങിയ ഒരു പെൻഡ്രൈവ് തന്‍റെ കൈവശമുണ്ടെന്ന് കഴിഞ്ഞ മെയ് 21ന് നടത്തിയ പത്രസമ്മേളനത്തിൽ കമൽനാഥിന് അവകാശപ്പെട്ടിരുന്നു. ജൂണ്‍ രണ്ടിന് പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാനാണ് നിർദ്ദേശം.
Also Read:ലോക്ക്ഡൗൺ ജൂൺ ഏഴ് വരെ നീട്ടി ഹരിയാന സർക്കാർ
എന്നാൽ നോട്ടീസിനോട് പ്രതികരിച്ച കമൽനാഥിന് തന്‍റെ കൈവശം പെൻഡ്രൈവ് ഇല്ലെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ തനിക്ക് കേസിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയാമായിരുന്നു. ഈ പറഞ്ഞ പെൻഡ്രൈവ് സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ചതാണ്. മാധ്യമ പ്രവർത്തകർ ഉൾപ്പടെ നിരവധി പേരുടെ പക്കൽ അത് ഉണ്ടാകുമെന്നും കമൽനാഥ് വ്യക്തമാക്കി.
ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനീയർ ഹർഭജൻ സിംഗിന്‍റെ പരാതിയിൽ നിന്നാണ് മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ ഹണിട്രാപ് കേസിന്‍റെ തുടക്കം. പെണ്‍വാണിഭ സംഘം തന്നെ ബ്ലാക്ക്മെയിൽ ചെയ്‌ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു കേസ്. രാഷ്ട്രീയ നേതാക്കന്മാർ ഉൾപ്പടെ നിരവധിപേരാണ് ഇവരുടെ തട്ടിപ്പിനിരയായത്.