ഭോപാൽ: മധ്യപ്രദേശിലെ വിദിഷയിൽ ആംബുലൻസിൽ നിന്ന് കൊവിഡ് രോഗിയുടെ മൃതദേഹം റോഡിലേക്ക് തെറിച്ച് വീണു. അടൽ ബിഹാരി വാജ്‌പേയി സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസിൽ ശ്‌മശാനത്തിലേക്ക് കൊണ്ടുപോകവെയാണ് വാഹനത്തിൻ്റെ ഡോർ തുറന്ന് മൃതദേഹം റോഡിലേക്ക് വീണത്. സംഭവത്തിൽ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ രണ്ട് ദിവസമായി മരിച്ച രോഗിയുടെ വിവരങ്ങളൊന്നും കുടുംബവുമായി പങ്കുവച്ചില്ലെന്നും മരണം മാത്രമാണ് അറിയിച്ചതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാവുകയാണ്.
അടൽ ബിഹാരി വാജ്‌പേയി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും ദിവസേന 20 മുതൽ 25 വരെ രോഗികൾ മരിക്കുന്നുവെന്നും മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ഓക്‌സിജൻ്റെ കുറവുമൂലമാണ് മരണം സംഭവിക്കുന്നതെന്നും ആരോപണമുണ്ട്. ഓക്‌സിജൻ്റെ കുറവ് മൂലം 40 രോഗികൾ ഇതുവരെ മരിച്ചതായും അഭ്യൂഹങ്ങളുണ്ട്.