ജമ്മു: പ്രകൃതിദുരന്തത്തിന് ഇരയായവരെ സഹായിക്കാനായി ജമ്മു കശ്‌മീർ പൊലീസിന് പരിശീലനം നൽകി മൗണ്ടൻ റെസ്ക്യൂ ടീം (എംആർടി ). സാംബയിലെ നാഡ് ഗ്രാമത്തിലാണ് എംആർടി ജമ്മു കശ്‌മീർ പൊലീസിന് 15 ദിവസം പരിശീലനം നൽകുന്നത്. പ്രകൃതിദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് പൊലീസിനെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. നിലവിൽ 50 പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം ലഭിക്കുക.
സിപ്പ് ലൈനിംഗ്, റിവർ ക്രോസിംഗ് എന്നിവയെക്കുറിച്ചുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുകയെന്ന് എംആർടി പരിശീലകൻ മുഹമ്മദ് സലീം പറഞ്ഞു. ഇവിടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് സാധാരണക്കാർക്കും പൊലീസിനും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംആർടി 1500 പേർക്കാണ് ഇതുവരെ പരിശീലനം നൽകിയിട്ടുള്ളത്. ഈ വർഷം 3000 പേർക്ക് പരിശീലനം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.