കോട്ട(രാജസ്ഥാന്‍): മനോവൈകല്യം നേരിടുന്ന നാല് വയസുകാരനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതിന് അമ്മ അറസ്‌റ്റില്‍. രാജസ്ഥാനിലെ കോട്ടയിലെ ചംബാ നദിയിലായിരുന്നു കുട്ടിയെ എറിഞ്ഞ് കൊലപെടുത്തിയത്. അറസ്‌റ്റിലായ സ്‌ത്രീയ്‌ക്ക് ഒരു മകള്‍ ഉള്ളതിനാല്‍ ഇടിവി ഭാരതിന് പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ല.
മധ്യപ്രദേശ് സ്വദേശിയായ സ്‌ത്രീ ബാരാന്‍ ജില്ലയിലെ മംഗ്രോളില്‍ എത്തി കുട്ടിയെ നദിയിലെറിയുകയായിരുന്നു. ഫെബ്രുവരി 28ന് കുട്ടിയുടെ മൃതദേഹം അദര്‍ശിലയിലെ ചംബല്‍ നദിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്‌ത്രീ കുട്ടിയെ പുഴയിലെറിഞ്ഞതിന് ശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞതായി കണ്ടുവെന്ന് ഒരു പ്രദേശവാസി പൊലീസിന് മൊഴി നല്‍കി.
മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ വിവരങ്ങള്‍ കണ്ടെത്തുക എന്നത് പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം, അടുത്ത കാലത്തായി ജില്ലയിലും തൊട്ടടുത്ത ജില്ലകളിലും കുട്ടികളെ കാണാതായി എന്ന തരത്തിലുള്ള പരാതികളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല.
തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്‍റെ സഹായത്തോടെയാണ് കുട്ടിയെ തിരിച്ചറിയാനായത്. പിന്നീട് കുട്ടിയുടെ പിതാവ് പൊലീസുമായി ബന്ധപ്പെട്ടത് കേസിന് നിര്‍ണായകമായി. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ രാജേഷ് പതക് വ്യക്തമാക്കി.
കൂടുതല്‍ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മ തന്നെയാണ് പ്രതി എന്ന് തെളിഞ്ഞു. ബാരന്‍ ജില്ലയിലെ കുടുംബാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങവെ ഇവര്‍ കോട്ട ബസിലായിരുന്നു തിരിച്ച് പോയിരുന്നത്.
സംഭവസമയം ആറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയും ഇവരോടൊപ്പമുണ്ടായിരുന്നു. കോട്ട ബസ് സ്‌റ്റാന്‍റില്‍ നിന്നും ഓട്ടോയിലാണ് ഇവര്‍ പുഴയുടെ ഭാഗത്ത് എത്തിയത്. ശേഷം, ഇവര്‍ കുട്ടിയെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു കുട്ടിയുടെ മനോവൈകല്യവുമായി പൊരുത്തപ്പെടുവാന്‍ കഴിയാത്തതാണ് ഇത്തരം പ്രവര്‍ത്തിയിലേക്ക് ഇവരെ നയിച്ചതെന്നും ഡിഎസ്‌പി വ്യക്തമാക്കി.