ചിക്കമഗളുരു (കർണാടക): പബ്‌ജി കളിക്കുന്നതിനെ തുടർന്ന് അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിൽ അമ്മയ്ക്ക് ജീവൻ നഷ്‌ടമായി. ചിക്കമഗളുരുവിലെ ഹഗലഖാൻ എസ്റ്റേറ്റിലാണ് സംഭവം. ഇംതിയാസിന്‍റെ ഭാര്യ മൈമുന(40) ആണ് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചത്.
മകന്‍റെ പബ്‌ജി കളിയില്‍ ദേഷ്യം മൂത്ത അച്ഛൻ മദ്യലഹരിയിൽ മകനുമായി വഴക്കിടുകയും തോക്കെടുത്ത് മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അച്ഛൻ മകനെ തല്ലുമെന്ന് ഭയന്ന് അമ്മ തടസം പിടിക്കാൻ ചെന്നതിനിടെ അബദ്ധത്തിൽ അച്ഛന്‍റെ കൈയിലിരുന്ന തോക്കിൽ നിന്നും വെടിയുതിരുകയായിരുന്നു. വെടികൊണ്ട മൈമുനയെ മൂത്തമകൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് ഭർത്താവ് ഇംതിയാസിനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.