അര്‍വാള്‍ (ബിഹാര്‍): പീഡനശ്രമം തടഞ്ഞതിന് അമ്മയേയും മകളെയും ജീവനോടെ ചുട്ടുകൊന്ന അയല്‍വാസി അറസ്‌റ്റില്‍. അര്‍വാള്‍ ജില്ലയിലെ പരാസി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചാക്കിയ ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇരുവരെയും പ്രദേശവാസികള്‍ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
ആരതി ദേവി(32), മകള്‍ സുമന്‍ കുമാരി(7) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അഞ്ച് ദിവസം മുമ്പാണ് ആരതി ദേവിയുടെ ഭര്‍ത്താവ് സുമിത് പസ്‌വനെ എട്ട് ലിറ്റര്‍ വ്യാജ മദ്യം കടത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ നിലവില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.
പ്രതിയായ നന്ദകുമാര്‍ മഹാടോ, ദീര്‍ഘനാളായി ആരതിയേയും മകളെയും പീഡിപ്പിക്കാന്‍ പദ്ധതി ഇട്ടിരുന്നു. ഇരുവരും തനിച്ചായിരിക്കുമ്പോള്‍ പീഡിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഇരുവരെയും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
എല്ലാ രാത്രിയും ഇയാള്‍ അവരെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നും ആരതി ശബ്‌ദം വച്ച് ആളെക്കൂട്ടുമ്പോഴാണ് ഇയാള്‍ മടങ്ങിയിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. പതിവ് പോലെ മദ്യപിച്ചെത്തി ആരതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡന ശ്രമം എതിര്‍ത്ത ആരതി ബലം പ്രയോഗിച്ച് നന്ദകുമാറിനെ വീടിന് പുറത്താക്കി വാതിലടച്ചു.
ഇതേതുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ ഇയാള്‍ ബൈക്കില്‍ നിന്ന് പെട്രോള്‍ എടുത്ത് കൊണ്ടുവന്ന് വീടിന് ചുറ്റും മേല്‍ക്കൂരയിലും തളിക്കുകയായിരുന്നു. വീടിന്‍റെ വാതില്‍ പുറത്ത് നിന്ന് ഇയാള്‍ പൂട്ടിയിരുന്നു. തീ പടര്‍ന്നതിനാല്‍ അമ്മയും മകളും നിലവിളിച്ചിരുന്നെങ്കിലും അര്‍ധരാത്രിയായതിനാല്‍ പ്രദേശവാസികള്‍ എത്താന്‍ വൈകി.
തീ പടര്‍ന്നതിനെ തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്ന് ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. ശബ്‌ദം കേട്ടെത്തിയ പ്രദേശവാസികള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. പരാസി പൊലീസ് സംഭവസ്ഥലത്ത് എത്തുകയും പ്രദേശവാസികളില്‍ നിന്ന് ശേഖരിച്ച വിവരത്തെ തുടര്‍ന്ന് പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.