ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം 13.13 ലക്ഷത്തിലധികം സ്‌ത്രീകളെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2019നും 2021നും ഇടയിൽ 18 വയസിന് മുകളിലുള്ള 10,61,648 സ്ത്രീകളെയും 2,51,430 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും കാണാതായിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്‌ത മധ്യപ്രദേശ് ഒന്നാമതും പശ്ചിമ ബംഗാൾ രണ്ടാമതുമാണ്.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) ശേഖരിച്ച വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. 2019 നും 2021നും ഇടയിൽ മധ്യപ്രദേശിൽ 1,60,180 സ്‌ത്രീകളെയും 38,234 പെൺകുട്ടികളെയും കാണാതായതായി പാർലമെന്‍റിൽ അവതരിപ്പിച്ച റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ പശ്ചിമ ബംഗാളിൽ നിന്ന് 1,56,905 സ്‌ത്രീകളെയും 36,606 പെൺകുട്ടികളെയും കാണാതായി. മഹാരാഷ്‌ട്രയിൽ 1,78,400 സ്‌ത്രീകളെയും 13,033 പെൺകുട്ടികളെയും കാണാതായിട്ടുണ്ട്. ഒഡിഷയിൽ മൂന്ന് വർഷത്തിനിടെ 70,222 സ്‌ത്രീകളെയും 16,649 പെൺകുട്ടികളെയും കാണാതായപ്പോൾ ഛത്തീസ്‌ഗഡിൽ നിന്ന് 49,116 സ്‌ത്രീകളെയും 10,817 പെൺകുട്ടികളെയും കാണാതായി.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളെയും സ്‌ത്രീകളെയും കാണാതായത് ഡൽഹിയിലാണ്. ദേശീയ തലസ്ഥാനത്ത് 2019-നും 2021-നും ഇടയിൽ 61,054 സ്ത്രീകളെയും 22,919 പെൺകുട്ടികളെയും കാണാതായപ്പോൾ ജമ്മു കശ്‌മീരിൽ 8,617 സ്‌ത്രീകളെയും 1,148 പെൺകുട്ടികളെയും ഈ കാലയളവിൽ കാണാതായി.
രാജ്യത്തുടനീളമുള്ള സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി നിരവധി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ പാർലമെന്‍റിനെ അറിയിച്ചു. ലൈംഗിക കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിനായി 2013-ൽ ഭേദഗതി ചെയ്‌ത ക്രിമിനൽ നിയമം (The Criminal Law (Amendment) Act, 2013) അതോടൊപ്പം തന്നെ 12 വയസിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ ശിക്ഷ വ്യവസ്ഥകൾ നിർദേശിക്കാൻ പ്രാബല്യത്തിൽ വന്ന 2018-ലെ ക്രിമിനൽ നിയമം എന്നിവ ഉൾപ്പെടുന്നു.
ബലാത്സംഗ കേസുകളിലെ അന്വേഷണവും കുറ്റപത്രം രണ്ടുമാസത്തിനകം പൂർത്തിയാക്കാനും അടുത്ത രണ്ടുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിയമം അനുശാസിക്കുന്നു. ഗവൺമെന്‍റ് എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി അന്താരാഷ്ട്ര അംഗീകൃത നമ്പറായ 112 പ്രവർത്തനക്ഷമമാണ്.
സാങ്കേതികവിദ്യ ഉപയോഗിച്ച് പൊലീസിനെയും സുരക്ഷ വിഭാഗത്തെയും സഹായിക്കുന്നതിനായി എട്ട് നഗരങ്ങളിൽ സേഫ് സിറ്റി പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ പൗരൻമാർക്ക് അശ്ലീല ഉള്ളടക്കം അടങ്ങിയ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 2018 സെപ്റ്റംബർ 20-ന് സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. നിയമ നിർവഹണ ഏജൻസികൾ വഴി രാജ്യത്തുടനീളമുള്ള ലൈംഗിക കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെക്കുറിച്ചുള്ള അന്വേഷണവും ട്രാക്കിങ്ങും സുഗമമാക്കുന്നതിന് കുറ്റവാളികളെക്കുറിച്ചുള്ള ദേശീയ ഡാറ്റാബേസ് ആരംഭിച്ചു. 2018 സെപ്റ്റംബർ 20 നാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലൊരു സംവിധാനത്തിന് തുടക്കം കുറിച്ചത്.