ന്യൂഡൽഹി: കൊവിഡ് കേസുകൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ വാക്സിന്‍റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി വാക്സിൻ നിർമിക്കാൻ കൂടുതൽ ഫാർമ കമ്പനികളെ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാക്സിനുകളുടെ ആവശ്യം വിതരണത്തേക്കാൾ കൂടുമ്പോഴുള്ള പ്രശ്നം ഒഴിവാക്കാൻ ഒരു കമ്പനിക്കു പകരം 10 കമ്പനികൾക്ക് വാക്സിൻ നിർമിക്കാനുള്ള ലൈസൻസ് നൽകണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും 2-3 ലബോറട്ടറികളുണ്ടെന്നും അവർക്ക് വാക്സിനുകൾ നിർമിക്കാനുള്ള സൂത്രവാക്യം പറഞ്ഞു കൊടുക്കണമെന്നും അവർക്ക് റോയൽറ്റി നൽകാമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യത്ത് വിതരണം ചെയ്തതിന് ശേഷം മിച്ചം വരുന്ന വാക്സിനുകൾ കയറ്റുമതി ചെയ്യാമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.
Also read: കൊവിഡിന്‍റെ മൂന്നാം വകഭേദം നേപ്പാളിൽ
നിലവിൽ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ രണ്ട് സ്ഥാപനങ്ങൾ മാത്രമാണ് രാജ്യത്ത് കൊവിഡ് വാക്സിനുകൾ നിർമിക്കുന്നത്. കോവാക്സിൻ, കൊവിഷീൽഡ്, സ്പുട്‌നിക് വി. എന്നീ മൂന്ന് വാക്സിനുകൾ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. കൊവിഡ് വാക്സിനുകളുടെ ക്ഷാമത്തെ സംബന്ധിച്ച് രാജ്യത്താകമാനം പരാതികൾ ഉയരുന്നുണ്ട്.
ഗഡ്കരിയുടെ അഭിപ്രായത്തോട് പ്രതികരിച്ച കോൺഗ്രസ് ദേശീയ വക്താവ് ജെയ്‌വർ ഷെർഗിൽ ഒരു ബിജെപി മന്ത്രിയെങ്കിലും യാഥാർഥ്യത്തിലേക്ക് ഉണരുന്നെന്ന് അറിഞ്ഞത് നല്ലതാണെന്നും സിസ്റ്റത്തെ ഉണർത്താൻ ഇനി എത്ര പേർ മരിക്കേണ്ടിവരുമെന്നും വിമർശനം ഉന്നയിച്ചു.
Also Read: കുറയാതെ കൊവിഡ് മരണം; രോഗികളുടെ എണ്ണം കുറയുന്നു
രാജ്യത്ത് ഇതുവരെ 18,58,09,302 ഡോസ് കൊവിഡ് വാക്സിനുകൾ നൽകി. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2,67,334 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 2,54,96,330 ആയി.