രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് പലായനം തുടരുന്നു. വെള്ളിയാഴ്‌ച (22 ഏപ്രില്‍ 2022) ഗര്‍ഭിണിയും കുട്ടികളുമടക്കം 18 പേരാണ് ഇന്ത്യയിലെത്തിയത്. പുലര്‍ച്ചയോടെ ധനുഷ്‌കോടിയിലെത്തിയ ഇവരെ മണ്ഡപം അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.
ബോട്ടുകളില്‍ രണ്ട് ബാച്ചായാണ് അഭയാര്‍ഥികള്‍ എത്തിയത്. രാജ്യത്തെ നിലവിലെ സ്ഥിതി ദയനീയമാണെന്ന് പലായനം ചെയ്‌തെത്തിയവര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മൂലം തങ്ങള്‍ക്ക് പാല്‍പൊടി പോലും വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ ശ്രീലങ്ക നേരിടുന്നത്. വിദേശ കറൻസിയുടെ അഭാവം മൂലം വന്‍ വിലവര്‍ധനവാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കടക്കെണിയിലായ സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കരിന്‍റെ ഇടപെടലുകള്‍ക്കെതിരെ വലിയ പ്രതിഷേധവും ദ്വീപ് രാഷ്‌ട്രത്തില്‍ അരങ്ങേറുന്നുണ്ട്.