ജോഷിമഠ്: ജോഷിമഠില്‍ അപകടാവസ്ഥയിലാകുന്ന വീടുകളുടെ എണ്ണത്തില്‍ വര്‍ധനവ്. നിലവില്‍ വിള്ളലുകളുണ്ടായ കെട്ടിടങ്ങളുടെ എണ്ണം 826 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 165 എണ്ണം സുരക്ഷിതമല്ലാത്ത മേഖലയില്‍ സ്ഥിതി ചെയ്യുന്നവയാണെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
17 കുടുംബങ്ങളെ കൂടി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ദുരന്ത നിവാരണ സേന വ്യക്തമാക്കി. നിലവില്‍ മേഖലയിലെ 233 കുടുംബങ്ങളാണ് താത്‌കാലിക കേന്ദ്രങ്ങളില്‍ കഴിയുന്നത്. അതേസമയം ജോഷിമഠില്‍ ഭൂമിതാഴ്‌ചമൂലമുണ്ടായ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.
അതേസമയം, ജോഷിമഠിലെ വിവരങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പങ്കുവയ്‌ക്കരുതെന്ന് വിവിധ സംഘടനകള്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാരും, ദേശീയ ദുരന്ത നിവാരണ അതേറിറ്റിയും നിര്‍ദേശം നല്‍കി. ഐഎസ്‌ആര്‍ഒ ഉള്‍പ്പടെയുള്ള സംഘടനകള്‍ക്കാണ് ഔദ്യോഗിക വൃത്തങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നത് ദ്രുതഗതിയിലാണെന്ന് ഐഎസ്‌ആര്‍ഒ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഒഴിപ്പിക്കല്‍ നടപടി ഉള്‍പ്പടെ നടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടെ ആശങ്ക സൃഷ്‌ടിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ സംസ്ഥാന ഭരണകൂടം അതൃപ്‌തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
കൂടുതല്‍ ദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പ്: വിചിത്രമായ ഭൗമപ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞ് താഴ്‌ന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിക്കാന്‍ ഭരണകൂടത്തിന് വിദഗ്‌ദ സംഘം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഹിമാലയത്തിലെ വ്യാപകമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ ദുരന്തങ്ങളുണ്ടാകാമെന്ന വിദഗ്‌ദാഭിപ്രായത്തിന്‍റെ പശ്ചാത്തലത്തിലാണ് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്‍പ്പടെയുള്ള നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചത്. പ്രകൃതിയെ ഇനിയും ചൂഷണം ചെയ്‌താല്‍ ജോഷിമഠിലെ സാഹചര്യം കൂടുതല്‍ വഷളാകുമെന്നും വിദഗ്‌ദ സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരിച്ചടിയാകുന്ന വികസനപദ്ധതികള്‍: നിലവില്‍ മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന പദ്ധതികള്‍ മനുഷ്യന് തന്നെ തിരിച്ചടിയാകുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. റിഷികേശ്-കരണ്‍പ്രയാഗ് റെയില്‍ റോഡ് മുതല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ നടപ്പാക്കാനിരിക്കുന്ന പദ്ധതികളെല്ലാം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു വാദം ഉയര്‍ന്നത്. ഇത്തരം പദ്ധതികള്‍ നടപ്പിലായാല്‍ ഭാവിയില്‍ കൂടുതല്‍ മലകളെ ഖനനം ചെയ്യേണ്ടിവരും.
അതുവഴി മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുരങ്കങ്ങളുള്ള സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 12 സ്‌റ്റേഷനുകളാണ് റിഷികേശ്-കരണ്‍പ്രയാഗ് റെയില്‍ പാതയില്‍ നിര്‍മിക്കുന്നത്.
പാതയില്‍ മലനിരകളിലൂടെ 17 തുരങ്കങ്ങളും ഉണ്ടാകും. തുരങ്കങ്ങള്‍ക്കായി മല നിരകള്‍ ഖനനം ചെയ്യുന്നത് പ്രദേശവാസികള്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്നു.