ഗാന്ധിനഗര്‍ (ഗുജറാത്ത്): ഗുജറാത്തിലെ മോര്‍ബി ജില്ലയിൽ തൂക്കുപാലം തകര്‍ന്ന് 134 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ട് ഹൈക്കോടതി. നവംബർ 14നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് കോടതി നടപടികൾ ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ശാസ്ത്രി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചീഫ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തര വകുപ്പ്, മുനിസിപ്പൽ കമ്മിഷണർ, മോർബി മുനിസിപ്പാലിറ്റി, ജില്ലാ കലക്‌ടർ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നിവർ മുഖേനയാണ് ഗുജറാത്ത് സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചത്.
മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് പൊട്ടിവീണത്. വിനോദസഞ്ചാരികളടക്കം 134 പേരാണ് അപകടത്തിൽ മരണമടഞ്ഞത്. ഛാട്ട് പൂജയോടനുബന്ധിച്ച് നിരവധി പേർ പാലത്തിനു മുകളിലെത്തിയതോടെ അമിതഭാരം താങ്ങാനാകാതെ പാലം തകരുകയായിരുന്നു. മരിച്ചവരിലേറെയും സ്‌ത്രീകളും കുട്ടികളുമാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച തൂക്കുപാലം അറ്റകുറ്റപ്പണിക്കുശേഷം ഒക്ടോബര്‍ 26-നാണ് തുറന്നുകൊടുത്തത്. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയുമാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.