ചെന്നൈ: രാജ്യത്തിന്‍റെ സുരക്ഷാസേനയുടെ മനോവീര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഉയർന്നെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തികൾ കൂടുതൽ സുരക്ഷിതമായി മാറി. ജമ്മുവിലെ നാഗ്രോട്ടയിലുണ്ടായ സംഭവം അതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ അയൽക്കാർ അയച്ച നാല് തീവ്രവാദികൾ നമ്മളെ ആക്രമിക്കാൻ ആഗ്രഹിച്ചു . എന്നാൽ നമ്മുടെ സുരക്ഷാ സേന അത് നിർവീര്യമാക്കി. സുരക്ഷാ സേനയയുടെ ഈ മനോവീര്യത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യം സുരക്ഷിതമാക്കാൻ അവർ അവരുടെ ജീവിതം മറന്ന് പ്രവർത്തിക്കുന്നു ”ഷാ പറഞ്ഞു.ചെന്നൈയ്‌ക്കായി അഞ്ചാമത്തെ റിസർവോയർ സമർപ്പിച്ചതിനുശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു അമിത് ഷാ ഇങ്ങനെ അഭിപ്രായപെട്ടത്.
നേരത്തെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നടത്താനായി അമിത് ഷാ തമിഴ്‌നാട്ടിൽ എത്തിയിരുന്നു. മീനംബാക്കം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി പളനിസ്വാമി, എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീർസെൽവം തുടങ്ങിയവർ നേരിട്ടെത്തി സ്വീകരിച്ചു. ചെന്നൈയിലെ മൂന്ന് പരിപാടികളിൽ ഷാ പങ്കെടുക്കും. നാളെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.