ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ നടക്കും. കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രല്‍ഹാദ് ജോഷിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉദ്ഘാടനം ചെയ്‌ത പുതിയ പാർലമെന്‍റ് മന്ദിരത്തിനുള്ളിലെ ആദ്യ സമ്മേളനമാണ് നടക്കാനിരിക്കുന്നത്.
'പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ, 2023 ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ നടക്കും. ഈ സമ്മേളനത്തിൽ നിയമനിർമാണ കാര്യങ്ങളിലടക്കം കാര്യക്ഷമമായ ചർച്ചകൾക്ക് വഴിയൊരുക്കാന്‍ മുഴുവന്‍ സാമാജികരോടും അഭ്യർഥിക്കുന്നു'- പാർലമെന്‍ററി കാര്യ മന്ത്രി ട്വീറ്റ് ചെയ്‌തു. നിലവില്‍, ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള സജീവ ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുന്നതിനിടെയാണ് സമ്മേളനം ചേരാനിരിക്കുന്നത്. മൺസൂൺ സമ്മേളനം പഴയ പാർലമെന്‍റ് മന്ദിരത്തിൽ ആരംഭിക്കുമെന്നും പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയേക്കുമെന്നുമാണ് ആദ്യം പുറത്തുവന്ന വിവരം.
മൺസൂൺ സെഷൻ, 23 ദിവസങ്ങളിലായി 17 സിറ്റിങ്ങുകള്‍ ഉണ്ടാകുമെന്നും പ്രല്‍ഹാദ് ജോഷി അറിയിച്ചു. 17 പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങൾ പട്‌നയിൽ യോഗം ചേർന്ന്, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടാൻ തീരുമാനിച്ചതിന് ശേഷമുള്ള പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനമാണിത്. ഏകീകൃത സിവിൽ കോഡിനായി (യുസിസി) പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിന്‍റെ കൂടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ഡല്‍ഹി സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം എടുത്തുമാറ്റുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സും പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ചര്‍ച്ചയാവും. സുപ്രീം കോടതിയുടെ ഉത്തരവ് അസാധുവാക്കിയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.
അദാനി വിഷയം വീണ്ടും ചര്‍ച്ചയായേക്കും: നരേന്ദ്ര മോദി സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്ന വേദിയാവും പുതിയ പാര്‍ലമെന്‍റ് സമ്മേളനം. വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) രൂപീകരിക്കണം എന്നതാണ് കോണ്‍ഗ്രസിന്‍റേയും മറ്റ് അനുകൂല പാര്‍ട്ടികളുടേയും ആവശ്യം. കഴിഞ്ഞ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ സമാന വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും സമാന ചിന്താഗതിക്കാരായ 17 പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
വിവാദമായി, രാഹുലിന്‍റെ പ്രസംഗം നീക്കിയ നടപടി: അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയ്‌ക്കെതിരെ അഞ്ഞടിച്ചിരുന്നു. എന്നാല്‍, പാര്‍ലമെന്‍റ് റെക്കോഡുകളില്‍ നിന്ന് അദ്ദേഹത്തിന്‍റെ പ്രസംഗം നീക്കം ചെയ്‌തു. ഇത് വലിയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കി. പ്രധാനമന്ത്രിയോടുള്ള രാഹുലിന്‍റെ ചോദ്യങ്ങളാണ് 2019ലെ മോദി അപകീര്‍ത്തി കേസില്‍ രാഹുലിനെ കുറ്റക്കാരനാക്കിയതെന്നതാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഈ കേസില്‍ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്കാണ് വിധിച്ചത്. പുറമെ ലോക്‌സഭ അംഗത്വത്തില്‍ നിന്ന് രാഹുലിനെ അയോഗ്യനാക്കിയിരുന്നു.