ന്യൂഡൽഹി: ഡൽഹിയിൽ 31കാരന് വാനര വസൂരി സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആദ്യമായാണ് കേരളത്തിന് പുറത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് വാനര വസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.
രോഗി വിദേശ യാത്രകൾ ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രോഗിയെ മൗലാന ആസാദ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനിയും ചർമ്മത്തിൽ പാടുകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ മിഡിൽ ഈസ്റ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ പൗരന്മാരിലാണ് ഇന്ത്യയിൽ കേസുകൾ ഉണ്ടായിരുന്നത്. ജൂലൈ 14ന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ ആൾക്കാണ് ഇന്ത്യയിൽ ആദ്യമായി വാനരവസൂരി സ്ഥിരീകരിച്ചത്. ജൂലൈ 18 ന് കേരളത്തിലെ കണ്ണൂർ ജില്ലയിൽ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്‌തു.
മൂന്നാമത്തെ കേസ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. 70-ലധികം രാജ്യങ്ങളിൽ വാനര വസൂരി പടർന്നുപിടിക്കുന്നത് കണക്കിലെടുത്ത് ശനിയാഴ്‌ച(23.07.2022) ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്‌ഒ) ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. നിലവിൽ 75 രാജ്യങ്ങളിൽ നിന്നായി 16000-ലധികം വാനര വസൂരി കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ സൂണോട്ടിക് അണുബാധയാണ് മങ്കിപോക്‌സ് അഥവാ വാനര വസൂരി. മനുഷ്യ സമ്പർക്കത്തിൽ നിന്നാണ് ഇത് കൂടുതലായി പടരുന്നതെന്നും ഡബ്ലിയുഎച്ച്‌ഒ പറഞ്ഞു. തായ്‌ലൻഡിലും ഒരാൾക്ക് വാനര വസൂരി സ്ഥിരീകരിച്ചു.
Also read: മങ്കി പോക്‌സ് : ഐസൊലേഷനും ചികിത്സയ്ക്കുമുള്ള നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്