ചെന്നൈ:വീടിന്‍റെ മേൽക്കൂര തകർത്ത് കുരങ്ങൻ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയി. ഇതിൽ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. ഒരു കുട്ടിയെ സമീപത്തെ കുളത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.
തഞ്ചാവൂരിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജ-ഭുവനേശ്വരി ദമ്പതികളുടെ മക്കളെയാണ് കുരങ്ങൻ തട്ടിക്കൊണ്ടു പോയത്. എട്ട് ദിവസം മാത്രമാണ് കുട്ടികളുടെ പ്രായം. ഫെബ്രുവരി 13ന് ഭുവനേശ്വരി കുട്ടികളെ ഉറക്കി കിടത്തി വീടിന്‍റെ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം നടക്കുന്നത്. ഈ സമയം വീടിന്‍റെ മേൽക്കൂര തകർത്ത് അകത്ത് പ്രവേശിച്ച കുരങ്ങൻ ഒരു പെൺകുഞ്ഞിനെ എടുത്ത് കൊണ്ട് പോകുകയായിരുന്നു. രണ്ടാമത്തെ കുട്ടിയെ എടുത്ത് കൊണ്ട് പോയെങ്കിലും സംഭവം കണ്ടു കൊണ്ടെത്തിയ ഭുവനേശ്വരി നിലവിളിച്ച് ആളുകളെ കൂട്ടി. അയൽവാസികൾ കുരങ്ങനെ പിന്തുടർന്ന് രണ്ടാമത്തെ കുട്ടിയെ രക്ഷപ്പെടുത്തി. എന്നാൽ ആദ്യം തട്ടിക്കൊണ്ടു പോയ കുട്ടിക്കായി അന്വേഷണം നടത്തിയ ബന്ധുക്കൾ കുട്ടിയെ സമീപത്തുള്ള കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു . കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം കുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
കുരങ്ങുകളെ പിടികൂടി വനത്തിലേക്ക് അയക്കണമെന്ന് ഹനുമാൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജനങ്ങൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.