സൂറത്ത്: 'മോദി' പരാമർശത്തിലെ അപകീർത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. ശിക്ഷ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിൽ പരാതിക്കാരനായ പൂർണേഷ് മോദിക്കും സംസ്ഥാന സർക്കാരിനും കോടതി നോട്ടിസ് അയച്ചു. ഇരുകക്ഷികളുടെയും വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അപ്പീൽ നൽകിയ രാഹുൽ ഗാന്ധിക്ക് ഏപ്രിൽ മൂന്നിന് സൂറത്ത് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. വിവാദ പരാമർശത്തിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് രാഹുൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം.
തടവ് ശിക്ഷയ്‌ക്ക് പിന്നാലെ വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം നഷ്‌ടപ്പെട്ടിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 499, 500 (അപകീർത്തിപ്പെടുത്തൽ) പ്രകാരമാണ് തടവ് ശിക്ഷ ലഭിച്ചത്. 2019 ഏപ്രിൽ 13ന് ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടകയിലെ കോലാറിൽ നടന്ന പ്രചാരണ റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എട്ട് (മൂന്ന്) പ്രകാരം പാർലമെന്‍റംഗം ഏതെങ്കിലും കുറ്റത്തിന് കുറഞ്ഞത് രണ്ട് വർഷം ശിക്ഷിക്കപ്പെട്ടാൽ ലോക്‌സഭയ്‌ക്ക് അയോഗ്യത നടപടി സ്വീകരിക്കാം. ഇതനുസരിച്ചാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 102 (ഒന്ന്) (ഇ) പ്രകാരമുള്ള മാനനഷ്‌ടക്കേസിലാണ് രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി വിധി പ്രഖ്യാപിച്ചത്.
'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുള്ളത്' -ഇതായിരുന്നു രാഹുലിന്‍റെ വിവാദ പരാമർശം. തുടർന്ന് ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി രാഹുലിനെതിരെ പരാതി നൽകി. രാഹുൽ ഗാന്ധി എംപിയായി തെരഞ്ഞെടുക്കപ്പെട്ട വയനാട് സീറ്റ് നിലവിൽ ഒഴിഞ്ഞ് കിടക്കുകയാണ്.
ആഞ്ഞടിച്ച് പ്രതിപക്ഷ നിര: രാഹുൽ ഗാന്ധിയുടെ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പൂർണേഷ് മോദി പരാതി നൽകിയത്. തുടർന്നാണ് സൂറത്ത് കോടതിയുടെ വിധിയും അയോഗ്യത നടപടിയും രാഹുൽ ഗാന്ധി നേരിട്ടത്. എന്നാൽ അയോഗ്യത നടപടിക്കെതിരെ പ്രതിപക്ഷ നിരയിലെ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി.
ബിജെപി സർക്കാർ വൈരാഗ്യത്തിന്‍റെയും വേട്ടയാടലിന്‍റെയും രാഷ്‌ട്രീയമാണ് പയറ്റുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ പ്രതിപക്ഷ നിര ആഞ്ഞടിച്ചു. രാഹുലിനെതിരെയുള്ള അയോഗ്യത നടപടിക്കെതിരെ കോൺഗ്രസ് രാജ്യത്തുടനീളം പ്രതിഷേധവും സംഘടിപ്പിച്ചു. ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തിൽ ഏപ്രിൽ 22നകം ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോക്‌സഭ ഹൗസിങ് കമ്മിറ്റിയും നിർദേശം നല്‍കിയിരുന്നു.
Also read : 'മോദി പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി, കോണ്‍ഗ്രസ് ജനങ്ങള്‍ക്കായി' ; കോലാറിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി