ന്യൂഡല്‍ഹി : അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്‌ത് പരാതിക്കാരനായ പൂര്‍ണേഷ് മോദി. മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുന്നതിന് മുമ്പാണ് പൂർണേഷ് മോദി കവിയറ്റ് ഫയല്‍ ചെയ്‌തിരിക്കുന്നത്. അതേസമയം അപകീര്‍ത്തി കേസില്‍ കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി ജൂലൈ ഏഴിന് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.
ഇതോടെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി രാഹുലിന്‍റെ ഹര്‍ജി തള്ളിയ ജൂലൈ ഏഴിന് തന്നെയാണ് പൂര്‍ണേഷ് മോദി കവിയറ്റ് സമര്‍പ്പിച്ചതെന്നാണ് സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ നിന്ന് വ്യക്തമാകുന്നത്. കവിയറ്റ് സമര്‍പ്പിച്ചത് കൊണ്ടുതന്നെ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കോടതി ഇരുഭാഗത്തിന്‍റെയും വാദം വീണ്ടും കേള്‍ക്കും.
കേസിന്‍റെ നാള്‍വഴികള്‍ : 2019 ഏപ്രില്‍ 13നാണ് അപകീര്‍ത്തി കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന് പൊതുനാമം ആയത് എങ്ങനെയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരെ ലക്ഷ്യംവച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്‌താവന. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 499, 500 (ക്രിമിനൽ അപകീർത്തിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരം രാഹുലിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു.
കുറ്റവും ശിക്ഷയും : അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ച് 23നാണ് സൂറത്ത് കോടതി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും രണ്ട് വര്‍ഷം തടവുശിക്ഷ വിധിക്കുന്നതും. സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധി ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കിയത്. അയോഗ്യനായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി സൂറത്തിലെ സെഷന്‍സ് കോടതിയില്‍ ശിക്ഷാവിധി സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 20ന് ഈ ഹര്‍ജി പരിഗണിച്ച കോടതി പക്ഷേ ഹര്‍ജി തള്ളുകയാണുണ്ടായത്.
ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ അപകീർത്തി കേസില്‍ രാഹുല്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേയില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. രാഹുലിനെതിരെ പത്തോളം കേസുകൾ വിവിധ കോടതികളില്‍ പരിഗണനയിലുണ്ടെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. മാത്രമല്ല രാഹുല്‍ തെറ്റ് സ്ഥിരമായി ആവർത്തിക്കുന്നുവെന്നും ജസ്‌റ്റിസ് ഹേമന്ത് പ്രച്ഛക്ക് വ്യക്തമാക്കിയിരുന്നു.