ന്യൂഡൽഹി: ആദ്യ ക്വാഡ് ഉച്ചകോടിക്ക് മുമ്പായി ജപ്പാൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് ജപ്പാന്‍റെ സുഗാ യോഷിഹിതോയുമായി മോദി ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളും നേരിടുന്ന ആഗോള പ്രാദേശിക വിഷയങ്ങളെക്കുറിച്ച് രണ്ട് നേതാക്കൻമാരും സംസാരിച്ചു. സമാന വെല്ലുവിളികൾ നേരിടുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളരെ പ്രധാനമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധത്തിന്‍റെ തിളക്കമാർന്ന ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാർച്ച് 12 ന് ആണ് ആദ്യ ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയെയും ജപ്പാനെയും കൂടാതെ യുഎസും ഓസ്ട്രേലിയയും ആണ് സഖ്യത്തിലുള്ളത്. വിർച്ച്വലി നടക്കുന്ന ഉച്ചകോടിയിൽ നരേന്ദ്ര മോദിക്കും യോഷിഹിതോയ്‌ക്കും ഒപ്പം യുഎസ് പ്രസിഡന്‍റ് ബോറിസ് ജോണ്‍സണും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും പങ്കെടുക്കും.