ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിലൂടെ രാജ്യത്തിന് ഉത്തമ സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയതെന്ന് ബിജെപി ദേശീയ വക്താവ് സുദേഷ് വർമ. കൊവാക്‌സിന്‍റെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതിലൂടെ വാക്‌സിനില്‍ സംശയമുള്ളവരെ നിശബ്‌ദമാക്കുക കൂടിയാണ് പ്രധാനമന്ത്രി ചെയ്‌തതെന്നും അദ്ദേഹം കൂട്ടിചേർത്തു. തന്‍റെ ഊഴം വരുന്നതുവരെ കാത്തിരുന്ന് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചതും മറ്റുള്ളവർക്കുള്ള ഒരു സന്ദേശമാണെന്ന് വർമ വ്യക്തമാക്കി.
ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിനായ കൊവാക്‌സിൻ സ്വീകരിച്ച് ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുകയാണ് പ്രധാനമന്ത്രി ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മറ്റ് മുതിർന്ന ബിജെപി നേതാക്കൾ എന്നിവർ അഭിപ്രായപ്പെടുകയും മോദിയെ പ്രശംസിക്കുകയും ചെയ്‌തു.
ഡൽഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചാണ് ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിൻ പ്രധാനമന്ത്രി സ്വീകരിച്ചത്. വാക്‌സിൻ എടുക്കാൻ യോഗ്യരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ച് ഇന്ത്യയെ കൊവിഡ് മുക്തമാക്കണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പുതുച്ചേരി സ്വദേശിയായ നഴ്‌സ് പി നിവേദയാണ് മോദിക്ക് ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിൻ കുത്തിവച്ചത്. വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിക്കുന്ന ചിത്രം അദ്ദേഹം പങ്കുവച്ചിരുന്നു.