ബെലഗാവി : 'ഹിന്ദു' എന്ന വാക്ക് പേര്‍ഷ്യനാണെന്നും ഇവിടെ അതിനെ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ സതീഷ് ജാര്‍കിഹോളി. ബെലഗാവിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് എംഎല്‍എയുടെ പരാമര്‍ശം. പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
'എവിടെ നിന്നാണ് ഹിന്ദു എന്ന പദം വന്നത്? പേര്‍ഷ്യയില്‍ നിന്നാണ് ആ വാക്ക് വന്നിരിക്കുന്നത്. അപ്പോള്‍ ആ വാക്കിന് ഇന്ത്യയുമായി എന്താണ് ബന്ധം? പേര്‍ഷ്യന്‍ വാക്കായ ഹിന്ദു എങ്ങനെ നമ്മുടേതാകും? ' - അദ്ദേഹം ചോദിച്ചു.
'ഹിന്ദു എന്ന വാക്കിനെ കുറിച്ച് വിക്കിപീഡിയയില്‍ തിരഞ്ഞുനോക്കൂ. അര്‍ഥം അറിഞ്ഞാല്‍ ലജ്ജ തോന്നും. എവിടെ നിന്നോ കൊണ്ടുവന്ന വാക്ക് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്' - കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൂടിയായ സതീഷ് ജാര്‍കിഹോളി പറഞ്ഞു.
'മനുഷ്യനെ മനുഷ്യനായി കാണേണ്ടത് വളരെ പ്രധാനമാണ്. ജാതി പറഞ്ഞ് മനുഷ്യനെ പരിഗണിക്കുന്ന ദുരാചാരങ്ങൾ തുടച്ചുനീക്കപ്പെടണം. അതുകൊണ്ടാണ് അത്തരം വ്യവസ്ഥകള്‍ക്കെതിരെ ഞങ്ങള്‍ പോരാടുന്നത്.
ഒരു ദളിതന്‍ വെള്ളത്തില്‍ തൊട്ടാല്‍ ആ വെള്ളം അശുദ്ധമായെന്ന് പറയും, എന്നാല്‍ ഒരു ദിവസം മുഴുവന്‍ പോത്തിന് വെള്ളത്തില്‍ കിടക്കാം. ഇത്തരം വിരോധാഭാസങ്ങള്‍ക്ക് എതിരെയാണ് ഞങ്ങളുടെ പോരാട്ടം' - ജാര്‍കിഹോളി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാവരും ചേർന്ന് സംഭാവന നൽകി ക്ഷേത്രം പണിയും. എന്നാൽ ക്ഷേത്രം തയ്യാറായ ശേഷം ദളിതരെ അവിടെ പ്രവേശിപ്പിക്കുന്നില്ല. ക്ഷേത്രത്തിൽ എല്ലാവർക്കും തുല്യ അവസരം ലഭിക്കണമെന്നും കോൺഗ്രസ് എംഎൽഎ പറഞ്ഞു.