ഭഗൽപൂർ : ഹിന്ദുമത വിശ്വാസ സംബന്ധമായി ചോദ്യങ്ങളുന്നയിക്കുകയും വാദങ്ങൾ തെറ്റാണെങ്കിൽ വിശ്വാസികളോട് തെളിയിക്കാൻ ആഹ്വാനം നടത്തുകയും ചെയ്‌ത ബിജെപി എംഎൽഎക്കെതിരെ പ്രതിഷേധം. ബിഹാറിലെ ബിജെപി എംഎൽഎയായ ലാലൻ പസ്വാനെതിരെയാണ് എതിര്‍പ്പുയര്‍ത്തി ഒരു വിഭാഗം രംഗത്തെത്തിയത്.
'മുസ്ലിങ്ങൾ ലക്ഷ്‌മീദേവിയെ ആരാധിക്കുന്നില്ല, പക്ഷേ അവർ സമ്പന്നരല്ലേ ? അവർ സരസ്വതിയെ ആരാധിക്കുന്നില്ല, പക്ഷേ വിദ്യാസമ്പന്നരല്ലേ?' എന്നതായിരുന്നു എംഎൽഎയുടെ ചോദ്യം. ഇതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. തുടർന്ന് ലാലൻ പസ്വാന്‍റെ പ്രസ്‌താവന ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച് ഒരുകൂട്ടമാളുകള്‍ എംഎൽഎയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
അതേസമയം തന്നെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷത്തുള്ളവർ തന്‍റെ പ്രസ്‌താവനകളെ വളച്ചൊടിച്ച് വിവാദമുണ്ടാക്കുകയാണെന്ന് ലാലൻ പസ്വാൻ ആരോപിച്ചു. 'ബജ്‌റംഗ് ബലി ശക്തിയും ബലവും നൽകുന്ന ദേവനാണെന്നാണ് വിശ്വാസം. എന്നാൽ മുസ്ലിം, ക്രിസ്ത്യൻ വിശ്വാസികൾ ബജ്‌റംഗ് ബലിയെ ആരാധിക്കുന്നില്ല. എങ്കില്‍ അവർക്ക് എവിടുന്നാണ് ശക്‌തി ലഭിക്കുന്നത് ?
ശാസ്‌ത്രീയമായി ചിന്തിച്ചുകൊണ്ടാണ് താൻ ഈ അഭിപ്രായങ്ങൾ പറഞ്ഞത്. പ്രതിപക്ഷത്തുള്ളവരും തനിക്കെതിരെ പ്രതിഷേധിച്ചവരും ശാസ്‌ത്രീയമായി ചിന്തിച്ച് തുടങ്ങുമ്പോൾ അവരും ഇതേ അഭിപ്രായം തന്നെ പറയുമെന്നും ലാലൻ പസ്വാൻ കൂട്ടിച്ചേർത്തു.