ചെന്നൈ : യഥാർഥ പ്രശ്‌നങ്ങൾ വഴി തിരിച്ചുവിടുന്നതിൽ വിദഗ്‌ധരാണ് ബിജെപിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (MK Stalin). മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ 'സനാതന ധർമം' പരാമർശത്തില്‍ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ച് സ്റ്റാലിൻ (MK Stalin criticize BJP) ഡിഎംകെ (DMK) പാർട്ടി കേഡർക്ക് കത്തയച്ചത്. ബിജെപിയുടെ ഉദ്ദേശം എന്താണെന്ന് മനസിലാക്കണമെന്നും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിക്കരുതെന്നും ഡിഎംകെ പാർട്ടി കേഡർക്ക് സ്റ്റാലിൻ അയച്ച കത്തിൽ പറയുന്നു.
ബിജെപി സർക്കാരിന്‍റെ അഴിമതി, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ, സംസ്ഥാനത്തിന്‍റെ അവകാശങ്ങൾ, ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം എന്നിവയെക്കുറിച്ച് കൂടുതൽ സംസാരിച്ചുകൊണ്ട് ഇന്ത്യ മുന്നണിക്ക് ശക്തി പകരണമെന്നും കത്തിൽ പറയുന്നു. ബിജെപിയുടെ ഉദ്ദേശം മനസിലാക്കി അവർ പറയുന്ന നുണകൾ തകർക്കണം. യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് വഴി തിരിച്ചുവിടുന്നതിനായി മാധ്യമങ്ങളുടെ സഹായത്തോടെ ചെറിയ പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടുന്നതിൽ ബിജെപി വിദഗ്‌ധരാണ് എന്ന് ജനങ്ങൾക്ക് അറിയാം എന്നും കത്തിൽ വിമർശനം ഉന്നയിക്കുന്നു.
'സാധാരണക്കാരെ ബാധിക്കുന്ന ദൈനംദിന പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുമ്പോൾ, അദ്ദേഹത്തിന്‍റെ മന്ത്രിസഭ സനാതന ധർമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റായ വിവരണങ്ങൾ പ്രചരിപ്പിച്ച് കുറച്ച് മാധ്യമങ്ങളുടെ പിന്തുണയോടെയാണ്' എന്നും സ്റ്റാലിൻ പറഞ്ഞു (MK Stalin on Sanatan Dharma remark). രാജ്യത്തെ പ്രശ്‌നങ്ങളെ കുറിച്ച് പ്രധാനമന്ത്രി മോദി ഒരിക്കലും സംസാരിക്കാറില്ല. സനാതന ധർമ വിഷയം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും ബിജെപിയുടെ പരാജയങ്ങൾ മറയ്ക്കാനുമുള്ള വിഷയമാക്കി മാറ്റി എന്നും സ്റ്റാലിൻ ആരോപിച്ചു.
ഈ തന്ത്രങ്ങളിൽ നിന്ന് ബിജെപിയെ രക്ഷപ്പെടാൻ അനുവദിക്കരുത്. ഇത്തരം വഴിതിരിച്ചുവിടൽ തന്ത്രങ്ങളോട് പ്രതികരിക്കരുതെന്നും മണിപ്പൂർ അക്രമത്തെക്കുറിച്ച് ബിജെപിയോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത് തുടരണം. ഇന്ത്യ മുന്നണിയെ ബിജെപി ഭയപ്പെടുന്നു എന്നും സ്റ്റാലിൻ അവകാശപ്പെട്ടു. ജനങ്ങളുടെ വികാരം മാനിക്കാതെ ഫാസിസ്റ്റ് രീതിയിലാണ് ബിജെപി പ്രവർത്തിക്കുന്നത്. ഇന്ത്യ സഖ്യം രൂപീകൃതമായതോടെ ബിജെപി ഭീതിയിലാണ്. ബിജെപി സർക്കാരിന്‍റെ നാളുകൾ എണ്ണപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദയനിധി സ്റ്റാലിന്‍റെ പ്രസ്‌താവന : സനാതന ധർമം സാമൂഹ്യ നീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണം എന്നുമായിരുന്നു തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. 'ചില കാര്യങ്ങളെ എതിര്‍ക്കാൻ കഴിയില്ല. അവ നിര്‍ത്തലാക്കാനെ കഴിയൂ. ഡെങ്കി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല, ഉന്മൂലനം ചെയ്യണം. അതുപോലെ തന്നെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണം' എന്നുമായിരുന്നു മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പ്രസ്‌താവന.
സെപ്‌റ്റംബര്‍ 2ന് ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍റെ വിവാദ പ്രസ്‌താവന. ഇതിന് പിന്നാലെ ഉദയനിധിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും ഉദയനിധി സ്റ്റാലിന്‍ പ്രസ്‌താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് ബിജെപിയുടെ ആവശ്യം.