ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്‍റെ (Akshay Kumar) ഏറ്റവും പുതിയ റിലീസ് 'മിഷന്‍ റാണിഗഞ്ച്' (Mission Raniganj) ബോക്‌സ് ഓഫീസില്‍ മാന്യമായ കണക്കുകള്‍ സൃഷ്‌ടിക്കുകയാണ്. റെസ്‌ക്യൂ ത്രില്ലറായ 'മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ'യിലെ അഭിനയത്തിന് അക്ഷയ് കുമാര്‍ പ്രേക്ഷകരില്‍ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
ഇപ്പോഴിതാ ചിത്രത്തിലെ 'ജീതേംഗേ' (Jeetenge song release) എന്ന ഗാനം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് 'റാണിഗഞ്ച്' ടീം. 'മിഷൻ റാണിഗഞ്ചി'ന്‍റെ മോഷന്‍ പോസ്‌റ്റര്‍ (Mission Raniganj Motion Poster) പങ്കുവച്ച് കൊണ്ടാണ് 'ജീതേംഗേ' റിലീസ് വിവരം അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ബി പ്രാകിന്‍റെ (B Praak- പ്രതിക് ബച്ചന്‍) വോക്കലും മോഷന്‍ പോസ്‌റ്ററിനൊപ്പമുണ്ട്.
'നമുക്ക് ഒരുമിച്ച് പോകാം എന്നര്‍ത്ഥം വരുന്ന 'ഹം സാത്ത് ചലേ തോ' (Hum saath chale toh), ജയിക്കും എന്നര്‍ത്ഥം വരുന്ന 'ജീതേംഗേ' എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് അക്ഷയ് കുമാര്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. 'ജീതേംഗേ' ഗാനം നാളെ റിലീസ് ചെയ്യും. ഭാരതത്തിലെ യഥാർത്ഥ നായകന്‍റെ കഥ കാണുക. മിഷൻ റാണിഗഞ്ച് തിയേറ്ററുകളില്‍.' -ഇപ്രകാരമാണ് മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ട് അക്ഷയ് കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
2019ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്‍റെ 'കേസരി' (Kesari) എന്ന ചിത്രത്തിലെ 'തേരി മിട്ടി' എന്ന ഗാനത്തിന് ശേഷം 'മിഷന്‍ റാണിഗഞ്ചി'ലൂടെയാണ് ബി പ്രാകുമായി താരം വീണ്ടും ഒന്നിക്കുന്നത്. അക്ഷയ് കുമാറിന് ദേശീയ പുരസ്‌കാരം നേടികൊടുത്ത 'രൂസ്‌തം' എന്ന സിനിമയുടെ സംവിധായകന്‍ ടിനു സുരേഷ് ദേശായി ആണ് സിനിമയുടെ സംവിധാനം. വഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, അജയ് കപൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഒക്ടോബർ 6നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
തന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'മിഷൻ റാണിഗഞ്ച്' എന്ന് അക്ഷയ് കുമാര്‍ അടുത്തിടെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 'ദേശീയ അവാർഡിന് അർഹനാണ് ടിനു. കഴിഞ്ഞ നാലഞ്ച് വർഷമായി അദ്ദേഹം ഈ തിരക്കഥയ്‌ക്കൊപ്പമുണ്ട്. അദ്ദേഹം വളരെയധികം കഠിനാധ്വാനം ചെയ്‌തു. ഈ സിനിമയുടെ വാണിജ്യ സാധ്യതകള്‍ എന്തായിരിക്കുമെന്ന് അറിയില്ല. പക്ഷേ തീർച്ചയായും അദ്ദേഹം ഒരുക്കിയ ഈ സിനിമയെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഞാൻ ചെയ്‌ത ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത് എന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്.' -അക്ഷയ് കുമാര്‍ പറഞ്ഞു.
രാജ്യത്ത് ആദ്യമായി കൽക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ജസ്വന്ത് സിംഗ് ഗില്ലിന്‍റെ (Jaswant Singh Gill biopic) ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രമാണ് 'മിഷൻ റാണിഗഞ്ച്'. ഖനി തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരു സിഖ് എഞ്ചിനീയറുടെ വേഷമാണ് സിനിമയില്‍ അക്ഷയ് കുമാറിന്. പരിണീതി ചോപ്രയാണ് സിനിമയില്‍ അക്ഷയ് കുമാറിന്‍റെ നായികയായി എത്തിയത്. ജസ്വന്ത് സിംഗിന്‍റെ കഥാപത്രത്തിന്‍റെ ഭാര്യയായാണ് പരിണീതി ചോപ്ര വേഷമിട്ടത്.