ഭുവനേശ്വര്‍(ഒഡിഷ): നിയമനിര്‍മാണ സഭയിലെ അംഗമടക്കം രണ്ട് റഷ്യന്‍ വിനോദ സഞ്ചാരികള്‍ ഒഡിഷയിലെ ഒരു ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവം നിലനില്‍ക്കെ കാണാതായ റഷ്യന്‍ പൗരനെ റെയില്‍വേ പൊലീസ് കണ്ടെത്തി. ആൻഡ്രൂ ഗ്ലാഗോലെവ് എന്നയാളെ ഒഡിഷയിലെ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. താന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും യുദ്ധത്തിനും എതിരാണെന്നുള്ള പ്ലക്കാര്‍ഡ് ഇദ്ദേഹത്തിന്‍റെ കയ്യിലുണ്ടായിരുന്നു.
താന്‍ റഷ്യന്‍ അഭയാര്‍ഥിയാണെന്നും തനിക്ക് വീടില്ലെന്നും അതിനാല്‍ സഹായിക്കണമെന്നും ഇതില്‍ എഴുതിയിട്ടുണ്ട്. റഷ്യന്‍ പ്രാദേശിക നിയമ നിര്‍മാണ സഭയിലെ അംഗവും വ്യവസായിയുമായ പവല്‍ ആന്‍റോവും അദ്ദേഹത്തിന്‍റെ കൂടെയുള്ള യാത്രികനുമായ വ്‌ളാഡിമിര്‍ ബിഡെനോവും ഒഡിഷയിലെ ഹോട്ടലില്‍ സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ്, കാണാതായ ആൻഡ്രൂ ഗ്ലാഗോലെവിനെ റെയില്‍വേ പൊലീസ് കണ്ടെത്തുന്നതും കസ്റ്റഡിയില്‍ എടുക്കുന്നതും. ഒഡിഷയിലെ റായഗഡ ജില്ലയിലെ ഒരു ഹോട്ടലില്‍ വച്ച് ഡിസംബര്‍ 22നാണ് ബിഡെനോവ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്ന് വീണാണ് ആന്‍റോവ് മരണപ്പെടുന്നത്.
ആന്‍ഡ്രൂ പ്ലക്കാര്‍ഡുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി റെയില്‍വെസ്റ്റേഷന്‍ പരിസരങ്ങളില്‍ ചുറ്റി തിരിയുന്നുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ടൂറിസ്റ്റ് വിസയിലാണ് ആന്‍ഡ്രൂ ഇന്ത്യയിലേക്ക് വന്നത്. വിസയുടെ കാലാവധി കഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. കൈയില്‍ പണം ഇല്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പണത്തിനായി ആന്‍ഡ്രൂ യാചിക്കുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന് ഇംഗ്ലീഷ് ഭാഷ അറിയാത്തത് കൊണ്ട് തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതില്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. ആന്‍ഡ്രൂവിന്‍റെ ബുദ്ധിമുട്ടുകളും ഇന്ത്യയിലേക്ക് വരാനുള്ള സാഹചര്യവും ചോദിച്ച് മനസിലാക്കുന്നതിനാണ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
ഐക്യരാഷ്‌ട്രസഭയുടെ ബന്ധപ്പെട്ട വിഭാഗത്തില്‍ അഭയാര്‍ഥിത്വത്തിനായി അപേക്ഷിച്ചതിന്‍റെ രേഖകള്‍ ആന്‍ഡ്രൂ തങ്ങളെ കാണിച്ചതായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ രേഖകളും എവിടെയൊക്കെ ആന്‍ഡ്രൂ സന്ദര്‍ശനം നടത്തിയതെന്നുമൊക്കെ തങ്ങള്‍ പരിശോധിക്കുമെന്നും റെയില്‍വേ പൊലീസ് വ്യക്തമാക്കി.