ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ കാഷ് കലക്ഷന്‍ കമ്പനിയുടെ വാഹനത്തില്‍ നിന്ന് ഒരു കോടി രൂപ പട്ടാപ്പക്കല്‍ തട്ടിയെടുത്തു. കാഷ് കലക്ഷന്‍ കമ്പനിയായ എസ്&ഐബിയുടെ വാഹനത്തില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ്(18.04.2022) പണം തട്ടിയെടുത്തത്. വാനിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞതിന് ശേഷം ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയാണ് പണം കവര്‍ന്നത്.
കൊള്ള സംഘത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാരുതി കമ്പനിയുടെ ഒരു ഏജന്‍സിയില്‍ നിന്ന് പണം കലക്‌റ്റ് ചെയ്യാനായി ഗുരുഗ്രാമില്‍ സുഭാഷ് ചൗക്ക് പ്രദേശത്ത് വാന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴായിരുന്നു കൊള്ള സംഘത്തിന്‍റെ ആക്രമണം. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണം ശേഖരിച്ച് ബാങ്കില്‍ നിക്ഷേപിക്കുകയാണ് ഈ കമ്പനി ചെയ്യുന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഇങ്ങനെ കലക്ട് ചെയ്‌ത പണമാണ് തട്ടിയെടുക്കപ്പെട്ടത്.
കൊള്ള സംഘം കമ്പനിയുടെ വാഹനത്തെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ട് അന്വേഷണം പുരോഗിമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ച സമാനമായ സംഭവം ഹരിയാനയിലെ റോത്തക് ജില്ലയില്‍ നടന്നിരുന്നു.
എടിഎമ്മുകളില്‍ പണം നിറയ്‌ക്കുന്ന ഒരു കമ്പനിയുടെ പക്കലില്‍ നിന്നാണ് റോത്തക്കില്‍ പണം കവര്‍ന്നത്. എടിഎമ്മുകളില്‍ പണം നിറച്ചുകൊണ്ടിരിക്കുമ്പോള്‍ കമ്പനിയുടെ സുരക്ഷ ജീവനക്കാരനെ രണ്ട് പേര്‍ വെടിവെക്കുകയും അതില്‍ പരിഭ്രാന്തരായി കൂടെയുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ പണം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. 2,62,000 രൂപയാണ് ഇങ്ങനെ മോഷ്‌ടിക്കപ്പെട്ടത്.