ജയ്‌പൂർ(രാജസ്ഥാൻ): ഭാര്യക്ക് ഗർഭം ധരിക്കാൻ ബലാത്സംഗക്കേസിലെ പ്രതിക്ക് 15 ദിവസത്തെ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന രാഹുലിനാണ് കോടതി പരോൾ അനുവദിച്ചത്. ഇയാളുടെ ഭാര്യ ബ്രിജേഷ് ദേവി മുഖേന നൽകിയ പരോൾ ഹർജി പരിഗണിച്ച ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് സമീർ ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
നിലവിൽ അൽവാർ സെൻട്രൽ ജയിലിൽ കഴിയുന്ന 25 കാരനായ രാഹുൽ രണ്ട് വർഷം മൂൻപാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഐപിസി സെക്ഷൻ 363, 366, 376 (3), പോക്‌സോ ആക്‌ട് എന്നിവ പ്രകാരം ഇയാളെ ഈ വർഷം ജൂണിൽ 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. വിചാരണ ആരംഭിച്ചതിന് ശേഷം രണ്ട് വർഷത്തോളം രാഹുൽ തടവ് ശിക്ഷ അനുഭവിച്ചിരുന്നു.
അതേസമയം പ്രതിയുടെ ഭാര്യക്ക് കുട്ടികളില്ലെന്നും ഭർത്താവില്ലാതെ ഇവർക്ക് ദീർഘകാലം ഒറ്റയ്‌ക്ക് ജീവിക്കേണ്ടി വരുമെന്നും അതിനാൽ പരോൾ അനുവദിക്കുകയാണെന്നും ഹർജി സ്വീകരിച്ചുകൊണ്ട് കോടതി പറഞ്ഞു. ദീർഘകാലം തടവിൽ കഴിയുന്ന പ്രതിയുമായുള്ള വിവാഹ ജീവിതം നിലനിർത്താൻ യുവതി ആഗ്രഹിക്കുന്നതായും അതിനാൽ വംശം നിലനിർത്താൻ സന്താനങ്ങൾ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
ALSO READ: ഭാര്യക്ക് ഗർഭം ധരിക്കണം; ഭർത്താവിന് 15 ദിവസം പരോൾ അനുവദിച്ച് കോടതി
രണ്ട് ലക്ഷം രൂപയുടെ സ്വന്തം ആൾ ജാമ്യത്തിലും ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിലുമാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. ഭാര്യക്ക് ഗർഭം ധരിക്കാൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നന്ദലാൽ എന്ന പ്രതിക്കും രാജസ്ഥാൻ ഹൈക്കോടതി മുൻപ് 15 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ഈ കേസും ഹൈക്കോടതി പരാമർശിച്ചു.