റായ്‌പൂര്‍: ഗർഭച്ഛിദ്രം നടത്താന്‍ മരുന്ന് കഴിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കാമുകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഛത്തീസ്‌ഗഡിലെ ഗൗരേല പേന്ദ്ര മർവാഹി ജില്ലയിലാണ് സംഭവം. പ്രതിക്കെതിരെ പോക്‌സോ, കൊലപാതകം തുടങ്ങിയ കുറ്റം ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
ഗൗരേല പേന്ദ്ര മർവാഹി സ്വദേശിനിയായ 15 വയസുകാരിയാണ് മരിച്ചത്. അയല്‍വാസിയായ യുവാവിനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 2021 ജൂലൈ 30നാണ് കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് യുവാവ് ഗർഭച്ഛിദ്രം നടത്താനായി മരുന്ന് നല്‍കിയത്. മരുന്ന് കഴിച്ച് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്.
പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ വേണ്ടിയല്ല മരുന്ന് നല്‍കിയതെന്നും ഗര്‍ഭം അലസിപ്പിലായിരുന്നു യുവാവിന്‍റെ ലക്ഷ്യമെന്നും സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് ജഡ്‌ജി കിരൺ ത്വയ്‌ത് നിരീക്ഷിച്ചു. എന്നാല്‍ സെക്ഷന്‍ 376 (3), 314 എന്നിവയും കൂടാതെ പോക്‌സോ നിയമത്തിലെ സെക്ഷൻ 6 എന്നിവ പ്രകാരവും യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.