സേലം: പതിനാറ് വയസുകാരിയുടെ അണ്ഡം വിൽപന നടത്തിയ സംഭവത്തിൽ അന്വേഷണം വിപൂലികരിച്ച് തമിഴ്‌നാട് സർക്കാർ. കൂടുതൽ തെളിവെടുപ്പുകള്‍ക്കായി ആറംഗ പ്രത്യേക മെഡിക്കൽ സംഘം തിങ്കളാഴ്‌ച സേലത്ത് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.
ഈറോഡിലെ ഫെര്‍ട്ടിലിറ്റി ആശുപത്രി കേന്ദ്രീകരിച്ച് നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയേയും, സുഹൃത്തിനേയും നേരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിൽ കൂടുതൽ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അമ്മ ഇന്ദ്രാണിയും, സുഹൃത്ത് സെയ്‌ദ് അലിയും കുട്ടിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ച് അണ്ഡം ദാനം ചെയ്യിക്കുകയായിരുന്നു എന്നാണ് വിവരം.
13 വയസ് മുതൽ കുട്ടിയുടെ അണ്ഡം ഇവർ വിൽപന നടത്തിയതായി പൊലീസ് പറയുന്നു. സയ്യിദ് അലി പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. 13 വയസുമുതൽ നേരിടേണ്ടി വന്ന പീഡനങ്ങള്‍ കുട്ടി മെഡിക്കൽ സംഘത്തിന് മുന്നിൽ മൊഴി നൽകിയതായാണ് സൂചന.
ഇത് സംബന്ധിച്ച റിപ്പോർട്ട് മെഡിക്കല്‍ സംഘം അടുത്ത ദിവസം സർക്കാരിന് സമർപ്പിക്കും.