പൂനെ: മഹാരാഷ്‌ട്രയില്‍ യൂട്യൂബ് ട്യൂട്ടോറിയലിന്‍റെ സഹായത്തോടെ കൗമാരക്കാരി പ്രസവിച്ച കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. പൂനെയിലെ കോണ്ട്വേ ധ്വാഡെയില്‍ ഒക്‌ടോബര്‍ 15നാണ് ദാരുണമായ സംഭവം. ഞായറാഴ്‌ച (ഒക്‌ടോബര്‍ 16) കേസ് രജിസ്റ്റര്‍ ചെയ്‌ത ഉത്തംനഗർ പൊലീസ് കേസന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാവ് പെൺകുട്ടിയെ വീടിനടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്ന്, പരിശോധിച്ച ഡോക്‌ടര്‍മാര്‍ കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഗര്‍ഭപരിശോധന നടത്തണമെന്ന് ഡോക്‌ടർ നിർദേശിച്ചെങ്കിലും പെൺകുട്ടിയും അമ്മയും ഇതിന് തയ്യാറായില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം, കൗമാരക്കാരിയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് നവജാത ശിശുവിനെ കണ്ടെത്തിയതാണ് വഴിത്തിരിവായത്.
ഇതേ ദിവസം രാത്രി കൗമാരക്കാരിയെ ആശുപത്രിയില്‍ പ്രവേശിച്ചതോടെയാണ് കുഞ്ഞ് പെണ്‍കുട്ടിയുടെത് തന്നെയെന്ന് സ്ഥിരീകരിച്ചത്. ആദ്യം കുറ്റം സമ്മതിക്കാന്‍ കൗമാരക്കാരിയും അമ്മയും തയ്യാറായില്ലെങ്കിലും പൊലീസ് തുടരെ ചോദ്യം ചെയ്‌തതോടെയാണ് ഇക്കാര്യം പുറത്തായത്. വനിത കമ്മിഷന്‍ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.