കാഞ്ചീപുരം : ആന്ധ്രാപ്രദേശിന്‍റെ ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം തമിഴ്‌നാട്ടിലെ കാഞ്ചീപുരം കാമാച്ചി ദേവിക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ സിനിമാതാരം റോജ. ആന്ധ്രാപ്രദേശ് അമ്മ വീടാണെങ്കിൽ തമിഴ്‌നാട് തന്‍റെ അമ്മായിയമ്മയുടെ വീടാണെന്നും, വിജയത്തിനായി പ്രാർഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും റോജ പറഞ്ഞു.
ഞാൻ ആദ്യമായി സിനിമയിൽ അഭിനയിച്ചത് മുതൽ എല്ലാ വർഷവും കാഞ്ചീപുരം കാമാച്ചി ദേവിയെ കാണാനെത്തുന്നുണ്ട്. കാമാച്ചി അമ്മാൾ എന്‍റെ ആഗ്രഹങ്ങൾ നിറവേറ്റി. ആന്ധ്ര എന്‍റെ അമ്മയുടെ വീടാണെങ്കിൽ തമിഴ്‌നാട് എന്‍റെ അമ്മായിഅമ്മയുടെ വീടാണ്. മന്ത്രിയാകാൻ പ്രാർഥിച്ച എല്ലാവർക്കും നന്ദി - റോജ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചയാണ് ടൂറിസം,സാംസ്‌കാരിക വകുപ്പ് മന്ത്രിയായി റോജ ചുമതലയേറ്റത്. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. രണ്ടാം തവണയാണ് റോജ എംഎൽഎ ആയത്. തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേരുകയായിരുന്നു.