ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ഉറപ്പ് (Defence Minister Rajnath Singh). ഇന്ന് (ഡിസംബര്‍ 27) ഉച്ചയ്‌ക്ക് രജൗരി ജില്ലയിലെത്തിയ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ട സിവിലയന്മാരുടെ കുടുംബത്തെ സന്ദര്‍ശിച്ചു. നിലവിലെ സാഹചര്യത്തില്‍ ആവശ്യമുള്ള നടപടികളെല്ലാം സ്വീകരിക്കുന്നുണ്ടെന്നും ആക്രമണത്തിന് ഇരയായ സൈനികര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു (Minister Rajnath Singh).
കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ (Army chief General Manoj Pande), ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ (Lt Governor Manoj Sinha) എന്നിവര്‍ക്കൊപ്പമാണ് മന്ത്രി കുടുംബങ്ങളെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെയും മന്ത്രി സന്ദര്‍ശിച്ചു (Civilians Attacked In Kashmir).
കശ്‌മീര്‍ അതിര്‍ത്തിയിലും സന്ദര്‍ശനം: കശ്‌മീരില്‍ ആക്രമണങ്ങള്‍ അധികരിച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മേഖലയിലെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തി. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ, നോർത്തേൺ കമാൻഡ് ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു (Civilians Killed In Kashmir).
നിലവിലെ സുരക്ഷ സാഹചര്യങ്ങള്‍, നുഴഞ്ഞ് കയറ്റം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് നേരിട്ട് മനസിലാക്കി. ഓപ്പറേഷന്‍സ് സമയത്ത് കൃത്യമായ പ്ലാനിങും പ്രൊഫഷണലിസവും വേണമെന്ന് മന്ത്രി സൈനിക മേധാവിക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സായുധ സേനക്കൊപ്പം നില്‍ക്കുമെന്നും സൈനികരുടെ സമാനതകളില്ലാത്ത വീര്യത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
സായുധ സേനയുടെ ക്ഷേമമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സുരക്ഷയും രഹസ്യാന്വേഷണ സംവിധാനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെ മന്ത്രി സൈനികരോട് പറഞ്ഞു.
ഇന്ത്യന്‍ സൈന്യം സാധാരണ സൈന്യമല്ല. പട്ടാളക്കാര്‍ രാജ്യത്തിന്‍റെ സംരക്ഷകരാണ്. ദേശീയ താത്‌പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല ജനങ്ങളുടെ മനസ് കീഴടക്കുക എന്നതും സൈനികരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയോട് ഒട്ടും സഹിഷ്‌ണുത കാണിക്കരുത്. ഭാവിയില്‍ അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മേഖലയിലെ സമീപകാല സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാപിതമായ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി സൈനികര്‍ക്ക് നിര്‍ദേശം നല്‍കി.
ഡിസംബര്‍ 21നാണ് പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ധേരാ കി ഗാലിക്കും ബഫ്‌ലിയാസിനും ഇടയിലുള്ള ധാത്യാർ മോർ എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ ചോദ്യം ചെയ്യാനായി സൈന്യം പിടികൂടിയ സിവിലിയന്‍സാണ് മരിച്ചത്. ഡിസംബര്‍ 22 നാണ് സിവിലിയന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫീർ ഹുസൈൻ (43), മുഹമ്മദ് ഷോകെറ്റ് (27) ഷബീർ അഹമ്മദ് (32) എന്നിവരാണ് മരിച്ചത്.
also read: പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം; ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം