ന്യൂഡൽഹി: രാജ്യത്ത് ചരിത്രം കുറിച്ച് കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയത്. ഇതാ മറ്റൊരു സമത്വത്തിന്‍റെ വാര്‍ത്ത കൂടി. കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി ഉത്തരവിറക്കി. ഇതോടെ സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസായി മാറി. ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള കർമസമിതി നിതി ആയോഗിന് സമർപ്പിച്ച ശിപാർശ പ്രകാരമാണ് തീരുമാനം.
പുരുഷന്മാരുടെ വിവാഹ പ്രായം നിലവില്‍ 21ആണ്. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ത്രീകള്‍ക്ക് തുല്യനീതി ലഭിക്കുന്നത്. 1978ലാണ് പുരുഷന്മാരുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കിയത്. പ്രായപരിധി ഉയർത്തുന്നത് സംബന്ധിച്ച പ്രമേയം മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന് പ്രധാനമായും ശൈശവ വിവാഹ നിരോധന നിയമത്തിലാകും (2006) ഭേദഗതി വരുത്തുക. കൂടാതെ സ്പെഷ്യൽ മാരേജ് ആക്ട്, 1995ലെ ഹിന്ദു വിവാഹ നിയമം തുടങ്ങിയ പ്രസക്തമായ മറ്റ് ചില നിയമങ്ങളിലും മാറ്റം വരുത്തും.
ALSO READ: Omicron Alert in Kerala: ഒമിക്രോണ്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി
2020ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം സൂചിപ്പിച്ച് ഒരു വർഷത്തിന് ശേഷമാണ് അംഗീകാരം. മാതൃത്വത്തിന്‍റെ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മാതൃമരണ നിരക്ക് (MMR) കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകതക, പോഷകാഹാര നിലവാരവും അനുബന്ധ പ്രശ്നങ്ങളും മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട കാര്യം മുതലായവ പരിശോധിക്കാൻ 2020 ഡിസംബറിലാണ് ജയ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ കർമസമിതി രൂപീകരിച്ചത്.
സ്ത്രീകളുടെ വിവാഹപ്രായപരിധി പരിഷ്കരിക്കുന്നത് വഴി സ്ത്രീശാക്തീകരണം സാധ്യമാകുമെന്ന് ജയ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവേയിൽ ഇന്ത്യയുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം. നിലവിൽ ഇന്ത്യയുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 2.2 ആണ്. സമിതിയുെട ശിപാർശ ജനസംഖ്യ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അവർ വ്യക്തമാക്കി. Minimum age for marriage of girls to go up from 18 to 21