ഷിംല (ഹിമാചല്‍ പ്രദേശ്): ഹിമാചലില്‍ മദ്യക്കുപ്പികൾക്കും പാൽ സെസ് ബാധകം. അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബജറ്റിലാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സുഖു ഇക്കാര്യം അറിയിച്ചത്. പുതിയ എക്സൈസ് നയം കൊണ്ടുവന്നതായി പ്രഖ്യാപിച്ച അദ്ദേഹം, ഇതുമുഖേന സര്‍ക്കാരിന്‍റെ വരുമാനം വര്‍ധിക്കുമെന്നും സംസ്ഥാനത്തെ ക്ഷീര ഉത്‌പാദകര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്ടന്നുള്ള തീരുമാനമല്ല: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ സംസ്ഥാനത്തെ ക്ഷീര ഉത്‌പാദകരുടെ വരുമാനം വർധിപ്പിക്കുമെന്ന് കോൺഗ്രസ് വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതുപ്രകാരം ക്ഷീര കര്‍ഷകരില്‍ നിന്ന് പശുവിന്‍ പാല്‍ ലിറ്ററിന് 80 രൂപയ്ക്കും എരുമപ്പാൽ ലിറ്ററിന് 100 രൂപയ്ക്കും വാങ്ങാൻ ക്ഷീര ഉത്‌പാദകരോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷീര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഒരു കുപ്പി മദ്യത്തിന് 10 രൂപ പാല്‍ സെസ് ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. പാല്‍ സെസ് ഇനത്തിലെത്തുന്ന ഈ വരുമാനം ക്ഷീര ഉത്‌പാദകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ മാത്രമെ ചെലവഴിക്കുവെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സുഖു വ്യക്തമാക്കി.
മുമ്പും സെസ്, എന്നാല്‍ നിലവിലെത്ര: എന്നാല്‍ ഹിമാചലില്‍ മുന്‍പുണ്ടായിരുന്ന ബിജെപി സര്‍ക്കാരും മദ്യത്തില്‍ പാല്‍ സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം മദ്യത്തിലെ പാല്‍ സെസ് നിലവില്‍ രണ്ടര ശതമാനമാണ്. കൂടാതെ സംസ്ഥാനത്തെ ക്ഷീര വികസനത്തിനായാണ് ഈ തുക ഉപയോഗപ്പെടുത്തുന്നതും. അതായത് തുടര്‍ന്നങ്ങോട്ട് ഒരു കുപ്പി മദ്യത്തിന് 2.5 ശതമാനം പാല്‍ സെസിനൊപ്പം 10 രൂപ കൂടി സെസ് ഇനത്തില്‍ നല്‍കേണ്ടതായി വരും. ഇതുകൊണ്ടുതന്നെ മദ്യത്തിന്‍റെ വിലയിലും ഈ വര്‍ധനവ് പ്രകടമാകും. അതേസമയം പാല്‍ സെസില്‍ പുതിയ വര്‍ധനവ് ഏര്‍പ്പെടുത്തിയതോടെ പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് 100 കോടി രൂപ ലഭിക്കുമെന്നും സുഖ്‌വിന്ദര്‍ സുഖു അറിയിച്ചു.
മദ്യനയത്തില്‍ പൊളിച്ചെഴുത്ത്: സംസ്ഥാനത്ത് കൊണ്ടുവരുന്ന പുതിയ എക്സൈസ് നയം അനുസരിച്ച് ഹിമാചലിലെ എല്ലാ മദ്യ കരാറുകളും തുറന്ന ലേലത്തില്‍ വയ്‌ക്കും. മുന്‍ സര്‍ക്കാരുകള്‍ മദ്യ കരാര്‍ പുതുക്കുന്നതിനായി 10 ശതമാനം വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരുന്നത് എന്നതുകൊണ്ടുതന്നെ പ്രതിവര്‍ഷം സര്‍ക്കാരിന് ലഭിച്ചിരുന്നതും ഈ 10 ശതമാനമാണ്. എന്നാല്‍ ഈ കരാറുകള്‍ തുറന്ന ലേലത്തില്‍ വയ്‌ക്കുന്നതോടെ ഇത് 32 ശതമാനത്തിലെത്തിയെന്നും സുഖ്‌വിന്ദര്‍ സുഖു പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സോളന്‍ ജില്ലയില്‍ 32 ശതമാനം വര്‍ധനവും, കുളുവില്‍ 40 ശതമാനവും, കിന്നൗറില്‍ 66 ശതമാനവും, ഹമിര്‍പുരില്‍ 23 ശതമാനവും കന്‍ഗ്രയില്‍ 36 ശതമാനവും വര്‍ധനവുണ്ടായെന്നും ലേലത്തിന്‍റെ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു. ഷിംല ഉള്‍പ്പടെയുള്ള മറ്റ് ജില്ലകളില്‍ മദ്യ കരാറുകള്‍ക്കായുള്ള ഈ തുറന്ന ലേലം നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Also read:സംസ്ഥാനത്ത് മദ്യത്തിനും ബിയറിനും വൈനിനും വില കൂടി ; ഖജനാവിലേക്ക് അധികമായെത്തുക 300 കോടി