ചെന്നെെ: കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അഴിമതി കേസുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ഉത്തരവിട്ട് മദ്രാസ് ഹെെക്കോടതി. വില്ലാവാക്കം രജിസ്ട്രാറായിരുന്നയാളെ അഴിമതിക്കേസില്‍ പിടികൂടിയതിന് പിന്നാലെ ചെങ്കൽപേട്ട് ജില്ല സബ് രജിസ്ട്രാറായി നിയമിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ബാനർജി, സെന്തിൽകുമാർ, രാമമൂർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാനത്തെ അഴിമതി വിരുദ്ധ വകുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനമില്ലാതെയാണോ പ്രവര്‍ത്തിച്ചതെന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതി പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. അഴിമതി നമ്മെ കാര്‍ന്ന് തിന്നുന്ന ക്യാന്‍സറാണെന്നും ഇതാണ് എല്ലാ ഭൂമി കൈയേറ്റത്തിനും പിന്നിലെന്നും കോടതി പറഞ്ഞു.
2018 ൽ അഴിമതി വിരുദ്ധ വകുപ്പ് വില്ലാവാക്കം രജിസ്ട്രാർ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 60,000 രൂപ കണ്ടെടുത്തിരുന്നു. ഇതിനെ തുടർന്ന് വില്ലാവാക്കം സബ് രജിസ്ട്രാറായിരുന്ന ഗോപാലകൃഷ്ണനെ തൂത്തുക്കുടിയിലേക്ക് മാറ്റാന്‍ തീരുമാനമായി. എന്നാല്‍ 2019ലാണ് തമിഴ്നാട് സര്‍ക്കാര്‍ സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
ഉത്തരവ് പ്രകാരം ചെങ്കൽപേട്ട് ജില്ല സബ് രജിസ്ട്രാറാറായാണ് ഗോപാലകൃഷ്ണനെ നിയമിച്ചത്. പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്ത് കറുപ്പ് എഴുത്ത് കഴക (ബ്ലാക്ക് റൈറ്റേഴ്സ് അസോസിയേഷൻ)മാണ് കോടതിയെ സമീപിച്ചത്. ഗോപാലകൃഷ്ണന്‍റെ സ്ഥലമാറ്റം നിയമ വിരുദ്ധമാണ്. കൈക്കൂലി വാങ്ങിയ ശേഷമാണ് ഇത് നൽകിയത്. ഉത്തരവ് റദ്ദാക്കണം എന്നീ അവശ്യങ്ങളാണ് ഹര്‍ജിയിലുണ്ടായിരുന്നത്.