ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇത്തരം സംഭവങ്ങളില്‍ എത്രയുംവേഗം 2020ലെ എപിഡെമിക് ഡിസീസസ് ആക്‌ട് പ്രകാരം കേസെടുക്കാനാണ് ഉത്തരവിട്ടത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം സമൂഹമാധ്യമങ്ങളിൽ ആരോഗ്യപ്രവർത്തകർക്കെതിരെ പ്രചരണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കൊവിഡ് സാഹചര്യത്തില്‍ ഡോക്‌ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും നൽകുന്ന സംഭാവനകൾക്ക് സമൂഹമാധ്യമങ്ങളിലും മറ്റും പ്രാധാന്യം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.
Also Read: ഐഎംഎയോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി
ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത്തരം ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതില്‍ ഐഎംഎ നന്ദി അറിയിച്ചു.