1973 മെയ് 11 ന് റിലീസ് ചെയ്‌ത് സൂപ്പർ ഹിറ്റായി മാറിയ 'ഉലകം ചുറ്റും വാലിബൻ' എന്ന എംജിആർ സിനിമ മധുരയില്‍ വീണ്ടും റിലീസ് ചെയ്യുമ്പോൾ 'പുരൈട്‌ചി തലൈവറുടെ' ആരാധകർക്ക് ആവേശം ഒട്ടും നഷ്‌ടമായിട്ടില്ല. പടക്കം പൊട്ടിച്ചും പൂജ നടത്തിയും ചിത്രങ്ങളില്‍ മാലയിട്ടും മധുരം നല്‍കിയും അവർ സിനിമയെ വരവേറ്റു. 2018ല്‍ റിലീസ് ചെയ്‌ത ഡിജിറ്റല്‍ കോപ്പിയാണ് മധുരയില്‍ വീണ്ടും റിലീസ് ചെയ്‌തത്.
1936ല്‍ സതി ലീലാവതി എന്ന സിനിമയില്‍ തുടങ്ങിയ അഭിനയ ജീവിതം 1950കൾ പിന്നിട്ടതോടെ തമിഴ്‌നാടിന്‍റെ വീരനായക പരിവേഷത്തിലേക്ക് മാറുകയായിരുന്നു എംജിആർ. എങ്കവീട്ടുപിള്ള, മധുരൈവീരൻ, നാടോടി മന്നൻ, ആയിരത്തില്‍ ഒരുവൻ, ഉലകം ചുറ്റും വാലിബൻ...
രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്കും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും പിന്നെ തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രി പദത്തിലേക്കും അതിനുമപ്പുറം തമിഴ് ജനതയുടെ ഹൃദയത്തിലേക്കും നടന്നുകയറിയ എംജിആർ. ഏഴൈതോഴനായി വെള്ളിത്തിരയില്‍ എംജിആർ നിറഞ്ഞാടിയപ്പോൾ തമിഴകം ഇളകിമറിഞ്ഞു. എംജിആർ പാടുമ്പോൾ തമിഴ് ജനത അതിനൊപ്പം പാടി, അതിനൊപ്പം ആടി. അതെ ഒരു ജനത ഇത്രയേറെ സ്നേഹിച്ച, ആരാധിച്ച ഒരു നേതാവുണ്ടാകില്ല.
'പുരൈട്‌ചി തലൈവർ' അഥവാ വിപ്ലവ നായകൻ എന്ന് തമിഴ്‌ജനത ഹൃദയത്തോട് ചേർത്തുവെച്ച എംജിആർ എന്ന മരത്തൂർ ഗോപാല രാമചന്ദ്രൻ. 1987 ഡിസംബർ 24ന് മരണം എംജിആറിനെ കവർന്നെടുത്തതായി തമിഴ് ജനത ഇന്നും വിശ്വസിക്കുന്നില്ല. അവരുടെ മനസില്‍ ലോകത്തിന്‍റെ ഏതോ കോണില്‍ ഇപ്പോഴും എംജിആർ ജീവിച്ചിരിക്കുന്നുണ്ട്.
കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് ഡിഎംകെയ്ക്ക് ബദലായി എഐഎഡിഎംകെ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയ എംജിആർ മരിക്കും വരെ തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായിരുന്നു. ഡിഎംകെയ്ക്ക് അധികാരത്തില്‍ തിരിച്ചെത്താൻ എംജിആറിന്‍റെ മരണം വരെ കാത്തിരിക്കേണ്ടി വന്നതും ചരിത്രം. ഇപ്പോഴിതാ, തമിഴ് രാഷ്ട്രീയത്തില്‍ നിന്ന് തന്നെ അപ്രസക്തമാകുന്ന എഐഎഡിഎംകെയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നതും അതേ എംജിആറിന്‍റെ മുഖം തന്നെ.
49 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരിക്കല്‍ കൂടി എംജിആർ സിനിമ തിയേറ്ററിലെത്തുമ്പോൾ ചിലരെങ്കിലും തമിഴ് രാഷ്ട്രീയത്തില്‍ എഐഎഡിഎംകെ എന്ന രാഷ്ട്രീയ പാർട്ടിയുടെ തിരിച്ചുവരവ് സ്വപ്‌നം കാണുന്നുണ്ട്.